ജനീവ: 2030-ഓടെ ലോകം പ്രതിവര്‍ഷം 560 വന്‍ ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഈ ദുരന്തങ്ങളില്‍ കൂടുതലും കാലാവസ്ഥയുമായി ബന്ധപ്പെട്ടതായിരിക്കുമെന്നും കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പ്രതിഭാസങ്ങളായിരിക്കും ഇതിന് ഇടയാക്കുകയെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ 20 വര്‍ഷക്കാലമായി പ്രതിവര്‍ഷം 300 മുതല്‍ 500 വരെ ഇടത്തരം അല്ലെങ്കില്‍ വലിയ ദുരന്തങ്ങളാണ് ലോകം അഭിമുഖീകരിച്ചത്. എന്നാല്‍ നിലവിലെ പ്രവണതകള്‍ അനിയന്ത്രിതമായി തുടരുന്ന പക്ഷം, പ്രതിവര്‍ഷം 560 വന്‍ ദുരന്തങ്ങള്‍ മനുഷ്യന്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് ഗ്ലോബല്‍ അസിസ്റ്റ്‌മെന്റ് റിപ്പോര്‍ട്ട് പറയുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനേക്കാള്‍ അഞ്ച് മടങ്ങ് ഉയര്‍ന്ന കണക്കാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാട്ടുതീ, വെള്ളപ്പൊക്കം എന്നിവ പോലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളോ പകര്‍ച്ചവ്യാധികള്‍ അല്ലെങ്കില്‍ രാസവസ്തുക്കള്‍ മൂലമുള്ള അപകടങ്ങള്‍ പോലുള്ളവയോ ആകാം ഈ ദുരന്തങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും റിസ്‌ക് മാനേജ്‌മെന്റിലെ അപര്യാപ്തതയുമാണ് ദുരന്തങ്ങള്‍ക്കിടയിലെ ഇടവേളകള്‍ കുറയാന്‍ കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥാ വ്യതിയാനം, കാലാവസ്ഥാ സംബന്ധമായ അപകടങ്ങളുടെ വ്യാപ്തി, ആവൃത്തി, ദൈര്‍ഘ്യം, തീവ്രത എന്നിവ വര്‍ധിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1970 മുതല്‍ 2000 വരെ 90-100 ഇടത്തരം അല്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2001-ല്‍ ഉണ്ടായതിന്റെ മൂന്നിരട്ടി ഉഷ്ണതരംഗമായിരിക്കും 2030-ല്‍ ഉണ്ടാകുകയെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.