ജഹാംഗീര്‍പുരിയില്‍ ഒരുമിച്ച് തിരംഗ യാത്ര നടത്തി ഹിന്ദുക്കളും മുസ്‌ലിങ്ങളും (വീഡിയോ)

0
363

ദില്ലി: ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ രണ്ട് വിഭാഗം തമ്മില്‍ തമ്മിൽ സംഘർഷമുണ്ടായ ദില്ലിയിലെ ജഹാംഗീർപുരിയിൽ ദേശീയപതാകയേന്തി സമാധാന യാത്ര നടത്തി. വിവിധ സമുദായ അംഗങ്ങള്‍ ഒന്നിച്ചാണ് ‘തിരംഗ യാത്ര’ എന്ന സമാധാന യാത്രയില്‍ പങ്കെടുത്തത്. ദേശീയ പതാകയേന്തിയും ഭരണഘടനശില്‍പി ഡോ. ബിആർ അംബേദ്കറുടെ ഫോട്ടോ ഉയർത്തിയുമാണ് തിരംഗ യാത്ര സംഘടിപ്പിച്ചത്.

കനത്ത സുരക്ഷയിലാണ് ഘോഷയാത്ര നടന്നത്. യാത്രയിലൂടെ പ്രദേശത്ത് സമാധാനം നിലനിർത്താനും ഐക്യത്തിനും വേണ്ടിയും അഭ്യർത്ഥിച്ചു. വൈകുന്നേരം ആറ് മണിക്കാണ് യാത്ര ആരംഭിച്ചത്. ഹിന്ദു സമുദായത്തില്‍ നിന്നും മുസ്‌ലിം സമുദായത്തില്‍ നിന്നും നൂറോളം ആളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.

കുശല്‍ ചൗക്കില്‍ നിന്നാരംഭിച്ച മാർച്ച് ബി ബ്ലോക്ക്, മാര്‍ക്കറ്റ്, മസ്ജിദ്, ക്ഷേത്രം, ജി ബ്ലോക്ക്, ഭൂമി ഘട്ട് എന്നീ പ്രദേശങ്ങളിലൂടെ പോയി ആസാദ് ചൗക്കില്‍ അവസാനിച്ചു. യാത്ര കടന്നുപോകവെ ബാല്‍ക്കണിയില്‍ നിന്നും ആളുകള്‍ പൂക്കളെറിഞ്ഞു സ്വീകരിച്ചു. കുട്ടികളുള്‍പ്പെടെയുളളവര്‍ പതാകയേന്തി യാത്രയില്‍ പങ്കെടുത്തു.

പ്രദേശത്തെ സമാധാനം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള അമന്‍ സമിതി അംഗങ്ങള്‍ ശനിയാഴ്ച ഒത്തുചേരുകയും ആലിംഗനം ചെയ്യുകയും ചെയ്ത് ഇരു സമുദായങ്ങളും തമ്മിലുള്ള സാഹോദര്യത്തിന്റെ സന്ദേശം പങ്കുവെച്ചിരുന്നു.

അമന്‍ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. 1980ലാണ് അമന്‍ സമിതി രൂപം കൊണ്ടത്. ദേശീയ തലസ്ഥാനത്തെ എല്ലാ മത ആഘോഷങ്ങളും നടക്കുമ്പോള്‍ മറ്റ് സമുദായങ്ങളുടെ വികാരങ്ങളെ വേദനിപ്പിക്കുന്നില്ല എന്നുറപ്പ് വരുത്താനാണ് അമന്‍ സമിതിയുടെ ലക്ഷ്യം. പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍, വിവിധ സമുദായങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ എന്നിവരടങ്ങിയതാണ് സമിതി.

രണ്ട് സമുദായങ്ങളിലേയും മുതിര്‍ന്ന അംഗങ്ങളെ ഉൾപ്പെടുത്തി ഒരു സംയുക്ത സമാധാന സമിതി സംഘടിപ്പിച്ചു. ജഹാംഗീർപുരിയിൽ ‘തിരംഗ യാത്ര’ സംഘടിപ്പിക്കാനും സാമുദായിക സൗഹാർദം നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിക്കാനും നിർദ്ദേശിച്ചു. ഇരു സമുദായങ്ങളിൽ നിന്നുമായി അമ്പത് പേർ വീതം യാത്രയിൽ പങ്കെടുത്തു,’ നോർത്ത് വെസ്റ്റ് ഡിസിപി ഉഷാ രംഗനി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here