ലഖ്നൗ: യുപിയിൽ ഹിന്ദു യുവതിയുടെ വിവാഹഘോഷം നടത്താൻ സ്വന്തം വീട് വിട്ടുനൽകി മുസ്ലിം കുടുംബം. വീട്ടുകാർ വിവാഹ ഘോഷയാത്രയെ സ്വാഗതം ചെയ്യുകയും വധുവിന്റെ ബന്ധുക്കൾക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. യുവതിയുടെ അച്ഛൻ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ അസംഗ്രാഹ് ജില്ലയിലെ അൽവാൾ എന്ന പ്രദേശത്താണ് സംഭവം.
ഏപ്രിൽ 22നായിരുന്നു യുവതിയുടെ വിവാഹം നടത്താൻ കുടുംബം തീരുമാനിച്ചിരുന്നത്. ചടങ്ങ് നടത്താനായി ഓഡിറ്റോറിയം ബുക്ക് ചെയ്യാൻ കഴിയാതെ വന്നപ്പോൾ അവസാന നിമിഷം സഹായത്തിനായി മുസ്ലീംകളായ അയൽവാസികളെ സമീപിക്കുകയായിരുന്നു.
എന്റെ സഹോദരി പൂജയുടെ വിവാഹത്തിന് പണമില്ലാത്തതിനാൽ ഞങ്ങൾക്ക് ഒരു ഓഡിറ്റോറിയം ബുക്ക് ചെയ്യാൻ സാധിച്ചിരുന്നില്ല. ചടങ്ങ് നടത്താൻ ഞങ്ങളുടെ വീട്ടിൽ സ്ഥലമില്ലായിരുന്നുവെന്നും യുവതിയുടെ സഹോദരൻ രാജേഷ് ചൗരസ്യ വ്യക്തമാക്കി.
ഞങ്ങളുടെ അയൽവാസിയായ പർവേസിനെ ഞാൻ ഇക്കാര്യം അറിയിച്ചപ്പോൾ, ഒരു മടിയും കൂടാതെ അവരുടെ വീടിന്റെ മുറ്റത്ത് വിവാഹം നടത്താൻ അദ്ദേഹം സമ്മതിച്ചു. പർവേസും കുടുംബവും ഇവർക്കായി വിവാഹ മണ്ഡപം ഒരുക്കികൊടുത്തു. വീട്ടുമുറ്റം പന്തലിടാൻ ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു.