ചെന്നൈ: പ്രശസ്ത തമിഴ് മോട്ടിവേഷനൽ സ്പീക്കറും സാമൂഹിക പ്രവർത്തകയുമായ ശബരിമല ജയകാന്തൻ ഇസ്‌ലാം സ്വീകരിച്ചു. സൗദി സന്ദർശനത്തിനെത്തിയ അവർ മക്കയിലെ ഹറം പള്ളിയിൽ കഅ്ബയ്ക്ക് മുന്നിൽനിന്നാണ് ഇസ്‌ലാം ആശ്ലേഷം പ്രഖ്യാപിച്ചത്. ഫാത്തിമ ശബരിമല എന്ന പേര് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
”എന്തുകൊണ്ടാണ് ലോകത്തെങ്ങും മുസ്‌ലിംകളോട് ഇത്രയും വിദ്വേഷമെന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചു. തുടർന്ന് നിഷ്പക്ഷ മനസോടെ ഖുർആൻ വായിച്ചുതുടങ്ങി. അങ്ങനെയാണ് ആ സത്യം ഞാൻ മനസിലാക്കുന്നത്. ഇപ്പോൾ എന്നെക്കാളും ഞാൻ ഇസ്‌ലാമിനെ സ്‌നേഹിക്കുന്നു.”- അവർ പറഞ്ഞു.
മുസ്‌ലിമായിരിക്കുന്നത് വലിയൊരു ആദരവും ബഹുമതിയുമാണെന്ന് സൂചിപ്പിച്ച ഫാത്തിമ ശബരിമല ഖുർആൻ എല്ലാവർക്കും പരിചയപ്പെടുത്തണമെന്ന് മുസ്‌ലിംകളോട് ആവശ്യപ്പെടുകയും ചെയ്തു. ”വിസ്മയകരമായൊരു ഗ്രന്ഥം നിങ്ങളുടെ കൈയിലുണ്ട്. എന്തിനാണ് അത് വീട്ടിൽ ഒളിപ്പിച്ചുവച്ചിരിക്കുന്നത്. ലോകം അതു വായിക്കണം..” ഹറം പള്ളിയിൽനിന്നുള്ള വിഡിയോ സന്ദേശത്തിൽ അവർ പറഞ്ഞു.

പ്രവാചകൻ മുഹമ്മദ് നബിയോടുള്ള ആദരവും സ്‌നേഹവും കാരണമാണ് അദ്ദേഹത്തിന്റെ മകൾ ഫാത്തിമയുടെ പേരുതന്നെ സ്വീകരിക്കാൻ കാരണമെന്നും ശബരിമല വ്യക്തമാക്കി. കഅ്ബയെ പുതപ്പിക്കുന്ന പ്രത്യേക വിരിപ്പായ കിസ്‌വ നിർമാണ കേന്ദ്രത്തിൽ പ്രത്യേക അതിഥിയായി സന്ദർശിക്കാനും അവർക്ക് അവസരം ലഭിച്ചിരുന്നു. കേന്ദ്രം സന്ദർശിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.