ഹുബ്ബാളി: സമൂഹത്തിലെ സമാധാനത്തെ തകര്‍ക്കുന്ന എസ്ഡിപിഐ, എഐഎംഐഎം, ആര്‍എസ്എസ്, ബജ്‌റംഗ്ദള്‍ എന്നീ സംഘടനകളെ നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ നിരോധിക്കൂവെന്ന് കര്‍ണാടക സര്‍ക്കാരിനെ വെല്ലുവിളിച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധാരാമയ്യ. സമാധാന അന്തരീക്ഷം തകരുമ്പോള്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും സിദ്ധാരാമയ്യ നിയമസഭയില്‍ സര്‍ക്കാരിനെ ഉപദേശിച്ചു.
‘ആര് പറഞ്ഞു വേണ്ടെന്ന്?. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ചെയ്യൂ. സമൂഹത്തിലെ സമാധാനത്തെ തകര്‍ക്കുന്ന സംഘടനകളെ നിരോധിക്കൂ. അത് എസ്ഡിപിഐ, എഐഎംഐഎം, ആര്‍എസ്എസ്, ബജ്‌റംഗ്ദള്‍ ഏതാണെങ്കിലും ചെയ്യൂ. ഞങ്ങള്‍ക്ക് ഒരു എതിരഭിപ്രായവുമില്ല’, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സിദ്ധാരാമയ്യയുടെ മറുപടി ഇങ്ങനെയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കുന്നതിനോടൊപ്പം ആര്‍എസ്എസ്, വിഎച്ച്പി, ബജ്‌റംഗ്ദള്‍, ശ്രീരാം സേന എന്നീ സംഘടനകളെയും നിരോധിക്കണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രചരണ സമിതി അദ്ധ്യക്ഷന്‍ എംപി പാട്ടീല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഗീയ സംഘടനകളെ നിരോധിക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാവുകയാണെങ്കില്‍ കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കുമെന്നും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ പാട്ടീല്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അത് വേഗം ചെയ്യണം. എസ്ഡിപിഐയെയും നിരോധിക്കണം. ഞങ്ങളുടെ പിന്തുണയുണ്ട്. അതോടൊപ്പം ആര്‍എസ്എസിനെയും ബജ്‌റംഗ്ദളിനെയും വിഎച്ച്പിയെയും രാംസേനയെയും നിരോധിക്കണമെന്നും പാട്ടീല്‍ പറഞ്ഞു.
എഐഎംഐഎമ്മിനെയും നിരോധിക്കണം. നിങ്ങളുടെ( ബിജെപി സര്‍ക്കാര്‍) നിലപാട് വ്യക്തമാക്കൂ. കോണ്‍ഗ്രസ് പാര്‍ട്ടി പൂര്‍ണ്ണ പിന്തുണ നല്‍കാമെന്നും പാട്ടീല്‍ കൂട്ടിചേര്‍ത്തു.