പെട്ടന്ന് ദേഷ്യം വരുന്നവരാണോ നിങ്ങൾ? ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക

0
466

പെട്ടന്ന് ക്ഷോഭിക്കുന്ന അഥവാ പൊട്ടിത്തെറിക്കുന്ന യുവാക്കളെ പൊതുവെ സിനിമകളിൽ നായകപരിവേഷം നൽകി നാം സ്വീകരിക്കാറുണ്ട്. എപ്പോഴും കലഹിക്കുന്ന, വ്യവസ്ഥകളെ ചോദ്യം ചെയ്യുന്ന യുവാക്കളെ നാം കണ്ടുവരാറുണ്ടെങ്കിലും ഇതേ സ്വഭാവം ചില പ്രായമായവരിലും കാണുമ്പോൾ അവർക്കെന്തെങ്കിലും കുഴപ്പമുള്ളതായി തോന്നുന്നുവെങ്കിൽ അത് തികച്ചും സ്വാഭാവികം തന്നെയാണ്. എന്നാൽ ഇത് ചിലപ്പോൾ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) എന്ന ശിശു രോഗത്തിന്റെ തുടർച്ചയായേക്കാം.

ADHD എന്ന രോഗം കുട്ടികളിൽ മാത്രം ഒതുങ്ങുന്നവയല്ല. അത് ചികിൽസിക്കാതെ ഇരുന്നാൽ ഇതിന്റെ തുടർച്ച പ്രായമായവരിലും കണ്ടേക്കാം.

എന്താണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ ?

ADHD എന്നതിന് മൂന്ന് ഘടകങ്ങൾ ഉള്ളതായി കാണാം.

• ആദ്യത്തേത് പേര് സൂചിപ്പിക്കുന്നത് പോലെതന്നെ ഹൈപ്പർ ആക്ടിവിറ്റി അഥവാ അമിതപ്രസരിപ്പ്

• ശ്രദ്ധക്കുറവ് അഥവാ ഏകാഗ്രത ഇല്ലായ്മ

• ആത്മസംയമനം ഇല്ലായ്മ അഥവാ എടുത്തുചാട്ടം

ആദ്യത്ത രണ്ടുകാര്യങ്ങൾ കുട്ടികൾക്കാണ് ഉണ്ടാകുന്നതെങ്കിൽ എടുത്തുചാട്ടവും ദേഷ്യവുമെല്ലാം മുതിർന്നവരിലാണ് കൂടുതലായി കണ്ടുവരാറുള്ളത്. ഇതിനെ എങ്ങനെ തരംതിരിക്കാമെന്ന് നോക്കാം…
ഒന്നാമത്തേത് ഹൈപ്പർ ആക്ടിവിറ്റിമാത്രമുള്ളത്. രണ്ടാമത്തേത് അറ്റൻഷൻ ഡെഫിസിറ്റ് അഥവാ ശ്രദ്ധക്കുറവ് മാത്രമുള്ളത്. ഇവ രണ്ടും ചേർന്നുവരുന്നതാണ് മൂന്നാമത്തേത് .

എന്താണ് ഇതിന്റെ കാരണം?

കാരണങ്ങളെ പ്രധാനമായും രണ്ടായി തരാം തിരിക്കാം.

1 ജനിതക കാരണങ്ങൾ

ഈ അസുഖം മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ ഉണ്ടെങ്കിൽ കുട്ടികൾക്ക് വരാനുള്ള സാധ്യത കൂടുതലാണ്.

2 പാരിസ്ഥിതിക കാരണങ്ങൾ

ഇത് കുട്ടികളുടെ ഭ്രൂണാവസ്ഥയിലോ ജനനശേഷമോ ചുറ്റുപാടുകളിലെ വ്യതിയാനങ്ങൾക്കൊണ്ട് ഉണ്ടാകാവുന്നവയാണ്. ഗർഭിണിയായിരിക്കുന്ന അവസ്ഥയിൽ അമ്മമാർ ലഹരിപതാർത്ഥങ്ങളും പുകവലിയും ശീലമാക്കിയിട്ടുണ്ടെങ്കിൽ ADHD -യ്ക്ക് മതിയായ കാരണങ്ങളാണ്.

ലക്ഷണങ്ങൾ

സ്‌കൂളുകളിൽ കുറുമ്പനെന്ന പേര് ലഭിച്ചവരായിരിക്കും മിക്കവരും. വീട്ടിലടങ്ങിയിരിക്കാത്തവരും ചില്ലറ നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമായിട്ടാണ് മാതാപിതാക്കൾ ഇവരുടെ കുട്ടിക്കാലത്തെ ഓർമിക്കുക. കൂടാതെ പഠനകാര്യങ്ങളിൽ അധികം താത്പര്യം കാണിക്കാത്തവരാകും ഇക്കൂട്ടർ. പരീക്ഷകൾ പലപ്പോഴും പകുതിയേ എഴുതാറുണ്ടാകുള്ളൂ. കാരണം സമയ ബന്ധിതമായി കാര്യങ്ങൾ ചെയ്യാൻ ഇവർക്ക് ബുദ്ധിമുട്ടായിരിക്കും. സ്‌കൂളിൽ ആവശ്യമുള്ള വസ്തുക്കൾ എടുക്കാൻ മറക്കുക ഇവർ പതിവാക്കാറുണ്ട്. ഹൈപ്പർ ആക്ടിവിറ്റി കൂടുതലായി ആൺ കുട്ടികളിലും ശ്രദ്ധക്കുറവ് കൂടുതലായി പെൺകുട്ടികളിലും കണ്ടുവരുന്നു. അക്കാദമിക് തലത്തിലുള്ള മികവില്ലായ്മ ആയിരിക്കും പലപ്പോഴും കാണപ്പെടുന്ന പ്രധാന ലക്ഷണം.

എന്താകും ADHD-യുടെ പരിണാമ ഫലങ്ങൾ ?

1 പ്രധാനമായും അക്കാദമിക് രംഗങ്ങളിലെ തകർച്ചതന്നെയാണ് മുഖ്യം. ചികിത്സിച്ചാൽ ഉന്നത വിദ്യാഭ്യാസം വരെ നേടാൻ കഴിവുള്ള പലരും പലപ്പഴും പഠനത്തകർച്ചയെ തുടർന്ന് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്.

2 അപകടങ്ങളിൽ ചെന്ന് ചാടുവാനുള്ള സാധ്യതയാണ്. സാഹസിക പ്രവർത്തിയിൽ ഏർപ്പെടുകയും വീണ്ടുവിചാരം ഇല്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്നത് കൊണ്ട് അപകടങ്ങളെ ക്ഷണിച്ചുവരുത്താൻ സാധ്യത കൂടുതലാണ്.

3 ബന്ധങ്ങളുടെ ശിതിലീകരണമാണ് മറ്റൊരു പരിണാമാവസ്ഥ. കോപവും എടുത്തുചാട്ടവും മൂഡ് വ്യതിയാനങ്ങളും കാരണം ബന്ധങ്ങളുടെ ശിഥിലീകരണത്തിന് ഈ രോഗം കാരണമാകുന്നു.

ക്ലാസ്സിൽ കുറുമ്പുകാണിക്കുന്ന അടങ്ങിയിരിക്കാത്ത പഠനത്തിൽ പിന്നോക്കാവസ്ഥ കാണിക്കുന്ന എല്ലാവരെയും ADHD എന്ന് പറഞ്ഞ് മുദ്ര കുത്താൻ കഴിയില്ല . ഇത്തരം ലക്ഷണങ്ങൾ കൂടുതൽ പ്രകടമാകുന്നുവെങ്കിൽ അതിനെ നിരീക്ഷിച്ച് സംശയനിവാരണത്തിനും ഉപദേശത്തിനും ഒരു മനോരോഗവിദഗ്‌ധന്റെ സഹായം തേടേണ്ടത് ആവശ്യമാണ്. മരുന്നുകളും തെറാപ്പികളും കൊണ്ട് ഈ രോഗത്തെ ചികിൽസിക്കുന്നതിനും ഉന്നതനിലവാരത്തിലേക്ക് കുട്ടിയെ വളർത്തിയെടുക്കുവാനും സാധ്യമാണ്. അതുകൊണ്ട് ഇത്തരം അവസ്ഥകളെ തിരിച്ചറിയാനും ശരിയായ ദിശയിലൂടെ സാധാരണ രീതിയിലേക്ക് കുട്ടികളെ മടക്കിക്കൊണ്ട് വരാനും അധ്യാപകരും മാതാപിതാക്കളും സമൂഹവും പ്രത്യകം പരിശ്രമിക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here