ഗുവാഹത്തി: യുപിയിലെ മീററ്റിൽ നിന്ന് അസം പോലീസ് അറസ്റ്റ് ചെയ്ത രണ്ട് പശുക്കടത്തുകാരെ പൊലീസ് കസ്റ്റഡിയിൽ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. പശുക്കടത്ത് കേസ് പ്രതികളായ അക്ബർ ബഞ്ചാര, സൽമാൻ ബഞ്ചാര എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ അസമിലെ കൊക്രജാർ ജില്ലയിലാണ് പൊലീസ് കസ്റ്റഡിയിൽ വെച്ച് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്തെ തീവ്രവാദികളുമായും കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളവരാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ രണ്ട് കള്ളക്കടത്തുകാർക്കും നാല് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഏകദേശം 12 മിനിറ്റോളം വെടിവെപ്പ് നീണ്ടെന്നും പൊലീസ് വ്യക്തമാക്കി. പരിക്കേറ്റ പശുക്കടത്തുകാരെ സറൈബീൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കള്ളക്കടത്ത് വഴികൾ തിരിച്ചറിയാൻ പൊലീസ് ഇരുവരെയും കൊണ്ടുപോയിരുന്നു. അക്രമികൾക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും പശുക്കടത്തുകാരുമായി ബന്ധമുണ്ടെന്നും ഞങ്ങൾ സംശയിക്കുന്നു. അന്വേഷണം പുരോഗമിക്കുകയാണ്, വിശദാംശങ്ങൾ ഇനിയും അറിയാനുണ്ട് -കൊക്രജാർ എസ്പി തുബെ പ്രതീക് വിജയ് കുമാർ പറഞ്ഞു. കൊല്ലപ്പെട്ട പശുക്കടത്ത് കേസിലെ പ്രതികൾ ഉത്തർപ്രദേശ് സ്വദേശികളാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹംകുടുംബങ്ങൾക്ക് വിട്ടുനൽകും. ഗുരുതരമായി പരിക്കേറ്റ നാല് പോലീസ് ഉദ്യോഗസ്ഥരുടെ നില തൃപ്തികരമാണെന്ന് കൂട്ടിച്ചേർത്തു. ഒരു എകെ 47 റൈഫിൾ, 35 വെടിയുണ്ടകൾ, 28 വെടിയുണ്ടകൾ ഒഴിഞ്ഞ ബുള്ളറ്റ് ഷെല്ലുകൾ എന്നിവ സ്ഥലത്തുനിന്ന് കണ്ടെടുത്തു.
ഉത്തർപ്രദേശ്, ഹരിയാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് മോഷ്ടിച്ച കന്നുകാലികളെ മേഘാലയ വഴി ബംഗ്ലാദേശിലേക്ക് കടത്തിയതായി അറസ്റ്റിലായ കള്ളക്കടത്തുകാർ സമ്മതിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. മതമൗലികവാദ സംഘടനകളും പാക്കിസ്ഥാനിലെ ഐഎസ്‌ഐയും പശുക്കടത്ത് വ്യാപാരത്തിൽ പങ്കാളികളാണെന്നും അതിൽ നിന്നുള്ള പണം ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടെന്നും അവർ പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.