തിരുവനന്തപുരം: സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേസില്‍പ്പെടുന്ന പ്രവര്‍ത്തകര്‍ക്കായി നിയമ സഹായ സമിതി രൂപീകരിച്ച് കെ.പി.സി.സി. അതിന്റെ ഭാഗമായി കേരള പ്രദേശ് കോണ്‍ഗ്രസ് നിയമ സഹായ സമിതി (KPC-LAC) ചെയര്‍മാനായി അഡ്വ.വി.എസ് ചന്ദ്രശേഖരനെ ചുമതലയേല്‍പിച്ചതായി കെ. സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
‘സംസ്ഥാന സര്‍ക്കാര്‍ അഴിമതികളിലും കെടുകാര്യസ്ഥതകളിലും മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്. ഭരണപക്ഷ തൊഴിലാളി സംഘടനകള്‍ പോലും പിണറായി വിജയന്‍ സര്‍ക്കാരിന്റെ കഴിവുകേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന കാഴ്ച രാഷ്ട്രീയ കേരളം കാണുകയാണ്.
കെ റെയില്‍ കമ്മീഷന്‍ പദ്ധതിയിലടക്കം ജനങ്ങളുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധങ്ങളുയര്‍ന്ന് വരുന്ന ഈ ഘട്ടത്തില്‍ ജനപക്ഷത്ത് നില്‍ക്കുന്ന പ്രതിപക്ഷം കൂടുതല്‍ കരുത്തോടെ സമര മുഖത്തേക്ക് ഇറങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ പ്രവര്‍ത്തകരെ തുടര്‍ച്ചയായി കള്ളക്കേസുകളില്‍ കുടുക്കി പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാന്‍ ഭരണകൂടം ശ്രമിക്കുകയാണ്.
അതുകൊണ്ട് തന്നെ കെ.പി.സി.സി ഈ നാടിന്റെ ശബ്ദമായി സമരമുഖത്തേക്കിറങ്ങുന്ന പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി കേരള പ്രദേശ് കോണ്‍ഗ്രസ് നിയമ സഹായ സമിതി (KPC-LAC) ചെയര്‍മാനായി അഡ്വ. വി.എസ്. ചന്ദ്രശേഖരനെ ചുമതലയേല്‍പിച്ചു,’ കെ. സുധാകരന്‍ പറഞ്ഞു.
കെ.പി.സി.സി ആസ്ഥാനത്ത് നിയമ സഹായ സമിതിയുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചതായി സുധാകരന്‍ അറിയിച്ചു. ഡി.സി.സി ഓഫീസുകളിലും ഇതിന്റെ യൂണിറ്റുകള്‍ ഭാവിയില്‍ തുടങ്ങും. സംസ്ഥാനത്തെ 90 കോടതികളിലായി 750 അഭിഭാഷകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി സജ്ജമായിരിക്കുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കി.
‘ഇനി പോരാട്ടത്തിന്റെ നാളുകളാണ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നെറികേടുകള്‍ക്കെതിരെ വിരല്‍ ചൂണ്ടാന്‍, കൊള്ളരുതായ്മകളെ തച്ചുതകര്‍ക്കാന്‍ എന്റെ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ക്ക് കരുത്തായി ഈ നിയമ സഹായ സമിതി കൂടെയുണ്ടാകും,’ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.