ബിറ്റ്‍കോയിനെ കൂടാതെ ക്രിപ്‌റ്റോകറൻസികളുടെ ലോകത്തേക്ക് നിരവധി കുഞ്ഞൻ ടോക്കണുകൾ കടന്നു വന്നതോടെ ക്രിപ്റ്റോ വിപണിയിലെ മത്സരവും കൂടി. പല കുഞ്ഞൻ ക്രിപ്റ്റോകളും വൻകിട നിക്ഷേപകരെ നിനച്ചിരിക്കാതെ അതി സമ്പന്നരുമാക്കി. എൻഎഫ്ടി ടോക്കണുകളുടെ വിപണനകേന്ദ്രമായ ഓപ്പൺസീയുടെ സ്ഥാപകരും നേടി ഈ വര്‍ഷം ശതകോടികളുടെ ആസ്തി. രണ്ട് ലക്ഷം കോടി ഡോളറാണ് ക്രിപ്റ്റോകളുടെ വിപണി. ക്രിപ്‌റ്റോകറൻസിയിൽ നിന്നും ബ്ലോക്ക്‌ചെയിൻ ടെക്‌നോളജിയിൽ നിന്നും പണം വാരിയവരുടെ ഫോബ്‌സ് പട്ടികയിൽ ഇത്തവണ കൂടുതൽ പേര്‍ ഇടം നേടിയിട്ടുണ്ട്. ഏറ്റവും കൂടുൽ പണം വാരിയ രണ്ട് ക്രിപ്റ്റോ ശതകോടീശ്വരൻമാരെ അറിയാം.
4.9 ലക്ഷം കോടി രൂപ ആസ്തി നേടിയ ക്രിപ്റ്റോതമ്പുരാൻ
ക്രിപ്‌റ്റോ നിക്ഷേപത്തിലൂടെ ഏറ്റവും ധനികനായ വ്യക്തി ബിനാൻസ് സ്ഥാപകനും സിഇഒയുമായ ചാങ്‌പെങ് ചാവോ ആണ്. “CZ” എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ചാവോ ലോകത്തിലെ തന്നെ 19-ാമത്തെ വലിയ ധനികനാണ്. സാധാരണക്കാരനായിരുന്ന ഇദ്ദേഹം ക്രിപ്റ്റോ എകസ്ചേഞ്ചിലൂടെയാണ് സമ്പത്തിൻെറ ഭൂരിഭാഗവും സൃഷ്ടിച്ചത്. ക്രിപ്‌റ്റോ ട്രേഡിംഗിൽ ഇപ്പോൾ മുൻനിരയിലുള്ള ആഗോള പ്ലാറ്റ്‌ഫോമണ് ബിനൻസ്.
കഴിഞ്ഞ വർഷം, മൊത്തം ട്രേഡിംഗ് വോളിയത്തിൻെറ മൂന്നിൽ രണ്ട് ഭാഗവും കമ്പനി സ്വന്തമാക്കിയിരുന്നു, 1600 കോടി ഡോളർ ആണ് ഇതിലൂടെ കമ്പനി വരുമാനം നേടിയത്. 44-കാരൻ ആയ ചാവോയുടെ നിക്ഷേപത്തിൽ അധികവും ബിനൻസ് കോയിനിൽ തന്നെയാണ്. ബിറ്റ്‌കോയിൻെറ ചെറിയ ഒരു ഭാഗവും കൈവശമുണ്ട്. ഇദ്ദേഹത്തിൻെറ കൈവശമുള്ള ബിഎൻബി എന്ന ക്രിപ്റ്റോയുടെ മൂല്യം ആര്‍ക്കുമറിയില്ല.
ലോകത്തിലെ ഏറ്റവും മൂല്യമുള്ള ക്രിപ്റ്റോ കറൻസികൾക്കൊപ്പം മുൻ നിരയിലുണ്ട് ബിനൻസ് കോയിൻ. ഒറ്റ വര്‍ഷം കൊണ്ട് 1,300 ശതമാനത്തിൽ അധികം ബിനൻസ് കോയിൻെറ മൂല്യം ഉയര്‍ന്നിരുന്നു. ഇതാണ് സോഫ്റ്റ്‍വെയര്‍ ഡെവലപ്പര്‍ ആയിരുന്ന ചാവോയെ ക്രിപ്റ്റോതമ്പുരാൻ ആക്കിയത്.
വയസ് 30; ആസ്തി 1.9 ലക്ഷം കോടി രൂപ
ക്രിപ്റ്റോയിലൂടെ പണം വാരിയ യുവാക്കളിൽ മുൻനിരയിലുണ്ട്30-കാരൻ സം ബാങ്ക്മാൻ ഫ്രൈഡ്. ഹോങ്കോങ്ങിൽ നിന്ന് 2021 അവസാനത്തോടെ കരീബിയൻ രാജ്യമായ ബഹമാസിൽ ഫ്രൈഡ് എത്തിയത് തന്നെ ക്രിപ്റ്റോ വ്യാപാരം ലക്ഷ്യമിട്ടാണ്. കൂടുതൽ ക്രിപ്റ്റോ സൗഹൃദ രാജ്യമാണ് ബഹമാസ്. എഫ്ടിഎക്സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് സ്ഥാപകനാണ് ഈ മുപ്പത്കാരൻ. എക്സ്ചേഞ്ചിൽ കഴിഞ്ഞ ജനുവരിയിൽ 40 കോടി ഡോളറിൻെറ നിക്ഷേപം എത്തിയിരുന്നു.
സ്റ്റാർട്ടപ്പിനെ പിന്തുണക്കുന്നവരിൽ കോയിൻബേസ് സ്ഥാപകൻ ഫ്രെഡ് എർസാം ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കോടീശ്വരൻമാരുമുണ്ട്. എഫ്‌ടിഎക്‌സിന്റെ യുഎസ് പ്രവർത്തനങ്ങളുടെ മൂല്യവും കുതിച്ചുയര്‍ന്നത് ഫ്രൈഡിനെ സമ്പന്നനാക്കി. സമ്പാദ്യമെല്ലാം ജീവിതകാലം മുഴുവൻ ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് നൽകുമെന്ന് ഫ്രൈഡ് പ്രതിജ്ഞയെടുത്തിട്ടുണ്ട്. പ്ലാറ്റ്‌ഫോമിൻെറ നേറ്റീവ് ടോക്കണായ എഫ്‌ടിഎക്‌സിൻെറ പകുതിയും ഇദ്ദേഹത്തിൻെറ കൈവശം തന്നെ.