കാസർകോട് ∙ ഡീസൽ കിട്ടാത്തതിനെത്തുടർന്ന് കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ ഇന്നലെ 12 ബസ് സർവീസുകൾ മുടങ്ങി. കാസർകോട്-മംഗളൂരു അന്തർ സംസ്ഥാന സർവീസുകളെയാണ് ഡീസൽ ലഭ്യതക്കുറവ് സാരമായി ബാധിച്ചത്.ഡീസൽ വാങ്ങിയ വകയിൽ കറന്തക്കാട് റീട്ടെയിൽ ഡീലർക്ക് കെഎസ്ആർടിസി 42 ലക്ഷം രൂപ കുടിശിക വരുത്തിയിരുന്നു. ഇതിൽ 6 ലക്ഷം രൂപ ആണ് ഇപ്പോൾ അടച്ചത്. പകുതിയെങ്കിലും തുക കിട്ടാതെ ഡീസൽ നൽകാനാവില്ലെന്നു അറിയിച്ചതോടെ ഞായർ, തിങ്കൾ ദിവസങ്ങളിൽ പൊയിനാച്ചി, ബന്തടുക്ക റീട്ടെയിൽ ഡീലർമാരിൽ നിന്നാണ് ഡീസൽ വാങ്ങിയത്.
കഴിഞ്ഞ ദിവസം ബന്തടുക്കയിലെ റീട്ടെയിൽ ഡീലർ മുഖേന 5000 ലീറ്റർ ഡീസലാണ് എത്തിച്ചത്. അതും തീർന്നതോടെ ആണ് ഇന്നലെ സർവീസുകൾ ഭാഗികമായി മുടങ്ങിയത്. ഇന്ധനം കിട്ടിയില്ലെങ്കിൽ ഇന്നു കൂടുതൽ സർവീസുകൾ മുടങ്ങിയേക്കും.