വാഷിങ്ടൺ: വിദ്യാർഥികൾ ക്ലാസിലെത്താൻ വൈകിയതിന് അധ്യാപകൻ പൊലീസിനെ വിളിച്ചുവരുത്തി. യു.എസിലെ ജോർജിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ രണ്ട് വിദ്യാർഥികൾ ക്ലാസിലെത്താൻ രണ്ട് മിനിറ്റ് വൈകിയതിനെത്തുടർന്നാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. സംഭവത്തിൽ പ്രഫസർ കാരിസ ഗ്രേയെ സസ്പെന്‍റ് ചെയ്തു.
സംഭവത്തിന്‍റെ ദൃക്‌സാക്ഷിയും ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിനിയുമായ ബ്രിയ ബ്ലെയ്ക്ക് തന്‍റെ ടിക് ടോക്ക് അക്കൗണ്ടിലൂടെ സംഭവങ്ങൾ വിവരിക്കുകയായിരുന്നു. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ക്ലാസിന് 9.02 ആയപ്പോളാണ് വിദ്യാർഥികൾ എത്തിയത്. പ്രൊഫസർ വിദ്യാർഥികളോട് തിരിച്ച് പോകാൻ ആവശ്യപ്പെട്ടപ്പോൾ ഇരുവരും വിസമ്മതിച്ചു. തങ്ങൾ പണം നൽകിയാണ് ഇവിടെ പഠിക്കുന്നതെന്നും തിരിച്ചു പോകില്ലെന്നും പറഞ്ഞപ്പോൾ പ്രൊഫസർ ക്ലാസിൽ നിന്നിറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് കാമ്പസിലെ രണ്ട് സായുധ പൊലീസ് ഉദ്യോഗസ്ഥരുമായി മടങ്ങിയെത്തുകയായിരുന്നുവെന്നും ബ്രിയ ബ്ലെയ്ക്ക് കൂട്ടിച്ചേർത്തു.