ഓസ്കാർ ചടങ്ങിൽ നിന്ന് വിൽ സ്മിത്തിനെ വിലക്കി അക്കാദമി. 10 വർഷത്തേക്കാണ് ഓസ്‌കാർ ഉൾപ്പെടെയുള്ള എല്ലാ അക്കാദമി പരിപാടികളിൽ നിന്നും വിലക്കിയത്. ഓസ്കാർ വേദിയിൽ അമേരിക്കൻ നടൻ ക്രിസ് റോക്കിനെ തല്ലിയതിന് പിന്നാലെയാണ് നടപടി. അസ്വീകാര്യമായ പെരുമാറ്റമാണ് സ്മിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അക്കാദമി വിലയിരുത്തി.
ലോസ് ഏഞ്ചൽസിൽ ചേർന്ന ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിലാണ് തീരുമാനം. അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിനും സിഇഒ ഡോൺ ഹഡ്‌സണും തീരുമാനം സംയുക്തമായി അറിയിക്കുകയായിരുന്നു. തന്റെ പ്രവൃത്തിയിൽ മാപ്പ് പറഞ്ഞ സ്മിത്ത് നേരത്തെ അക്കാദമിയിൽ നിന്ന് രാജിവെക്കുകയും ചെയ്തു. 94-ാമത് ഓസ്കാർ അവാർഡ് വിതരണ വേദിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
മുടികൊഴിച്ചിൽ അവസ്ഥയായ ‘അലോപ്പീസിയയുടെ’ ഫലമായി മൊട്ടയടിച്ച ഭാര്യയുടെ തലയെക്കുറിച്ച് തമാശ പറഞ്ഞതിനാണ് താരം റോക്കിനെ അടിച്ചത്. സംഭവ ശേഷമായിരുന്നു വില്‍ സ്‍മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. ടെന്നീസ് താരങ്ങളായ വീനസിന്റെയും സെറീന വില്യംസിന്റെയും പിതാവായി അഭിനയിച്ച “കിംഗ് റിച്ചാർഡ്” എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം.