ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഭക്ഷ്യോല്‍പാദന കമ്പനിയായ ഹല്‍ദിറാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണാഹ്വാനം നടന്നു കൊണ്ടിരിക്കുകയാണ്. നവരാത്രിയിലെ പ്രധാന വിഭവമായ നംകീന്‍ മിക്സ്ചറില്‍ ഉര്‍ദു, അറബി ഭാഷയില്‍ എഴുതിയിരിക്കുന്നത് ഹിന്ദു വിഭാഗത്തിന് വായിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ബഹിഷ്‌കരണാഹ്വാനം നടക്കുന്നത്.
അതേസമയം, ഇത്തരം ബഹിഷ്‌കരണാഹ്വാനം നടത്താന്‍ ശ്രമിച്ച സുദര്‍ശന്‍ ടിവി അവതാരകയ്ക്ക് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് ഹല്‍ദിറാം സ്റ്റോര്‍ മാനേജര്‍. എന്തിനാണ് മിക്സ്ചര്‍ പാക്കറ്റിന് മുകളില്‍ ഉര്‍ദു ഭാഷയെഴുതിയതെന്നായിരുന്നു സ്റ്റോര്‍ ഔട്ട്ലെറ്റിലെത്തി അവതാരകയുടെ ചോദ്യം.
നവരാത്രി വ്രതം അനുഷ്ഠിക്കുന്ന ഹിന്ദുക്കളാണ് മിക്സ്ചര്‍ വാങ്ങുന്നത്. അവര്‍ക്ക് ഉര്‍ദു അറിയില്ല. പിന്നെ എന്തിനാണ് ഉര്‍ദു മിക്സ്ചര്‍ പാക്കറ്റിന് മുകളില്‍ എഴുതിയിരിക്കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം.
എന്നാല്‍ ഇത് കച്ചവടത്തിന്റെ ഭാഗമായാണെന്നും ഹിന്ദി അറിയാത്തവര്‍ക്ക് വേണ്ടിയാണെന്നും ഇവര്‍ മറുപടി നല്‍കി. എന്നിട്ടും സുദര്‍ശന്‍ ടിവി റിപ്പോര്‍ട്ടര്‍ വിടാതായതോടെ നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇത് വാങ്ങിക്കോ. അല്ലെങ്കില്‍ ഇവിടെ വെച്ചിട്ട് പുറത്തേക്ക് പോവൂയെന്ന് ജീവനക്കാരി മറുപടിയും നല്‍കി.