ഇന്ധനവില വര്‍ധന ഇപ്പോള്‍ ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് നിത്യേനെ സംഭവിക്കുന്ന പതിവ് കാര്യമാണ്. ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില ഉയരുന്നതോടെ സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയാകുകയാണ്. സാധാരണ കുടുംബങ്ങളുടെ ബജറ്റ് പതിവായ ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ താളം തെറ്റി. എല്ലാവരും പ്രതീക്ഷയോടെ ഒരേ ചോദ്യമാണ് ചോദിക്കുന്നത്. പതിവായ ഈ വര്‍ധന എന്ന് അവസാനിക്കും?
ഇനി എത്ര ദിവസം കൂടി ഇന്ധനവില കൂട്ടുമെന്ന ചോദ്യത്തിന് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മറുപടി പരിശോധിക്കാം. ക്രൂഡ് ഓയില്‍ വില ബാരലിന് ഓരോ ഡോളര്‍ വര്‍ധിക്കുമ്പോഴും പെട്രോളിന്റേയും ഡീസലിന്റേയും റീടെയില്‍ വിലയില്‍ 52 പൈസ മുതല്‍ 60 പൈസ വരേയും എണ്ണക്കമ്പനികള്‍ വര്‍ധിപ്പിക്കാറുണ്ട്. ക്രൂഡ് ഓയില്‍ വില വര്‍ധനയെ മറികടക്കാനാണ് എണ്ണക്കമ്പനികളുടെ ഈ നടപടി.
കഴിഞ്ഞ നവംബര്‍ നാല് മുതല്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 28.4 ഡോളര്‍ ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 108.9 ഡോളറാണ് ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില. ബ്രെന്റ് ക്രൂഡ് ഓയില്‍ വില അനുസരിച്ച് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ 5.5 മുതല്‍ 7.8 രൂപയുടെ വര്‍ധന ഇനിയും വരാന്‍ സാധ്യതയുണ്ട്.
എന്നിരുന്നാലും, പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ച്, ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില ഉപഭോക്താക്കളില്‍ ചെലുത്തുന്ന ആഘാതം കുറയ്ക്കാന്‍ കേന്ദ്രത്തിന് സാധിക്കും. 2021 നവംബറില്‍ പെട്രോളിന്റെ എക്‌സൈസ് തീരുവയില്‍ ലിറ്ററിന് 5 രൂപയും ഡീസലിന്റെ എക്‌സൈസ് തീരുവയില്‍ 10 രൂപയും കുറച്ചിട്ടും, കേന്ദ്ര നികുതികള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും കൂടുതലാണെന്നാണ് വിലയിരുത്തല്‍. പെട്രോളിന്റെ ചില്ലറ വില്‍പന വിലയുടെ 43 ശതമാനവും ഡീസലിന്റെ പമ്പ് വിലയുടെ 37 ശതമാനവും നിലവില്‍ കേന്ദ്രസംസ്ഥാന നികുതികളാണ്.