കഴിഞ്ഞ മാസം 14നായിരുന്നു രജിൻലാലിന്റെയും കണികയുടെയും വിവാഹം. വിവാഹാഘോഷത്തിന്റെ സന്തോഷവും ആരവവും അടങ്ങിയിട്ട് വെറും 21 ദിവസം മാത്രമേ ആയിരുന്നുള്ളൂ. മാംഗല്യത്തിന്റെ പുതുക്കം മാറുംമുൻപ് തന്നെ സ്വന്തം നാട്ടിലെ ഏറെ പരിചയമുള്ള പുഴയിൽ രജിനെ കാത്ത് മരണം പതിയിരിക്കുന്നുണ്ടായിരുന്നു.കോഴിക്കോട് ജില്ലയിൽ കുറ്റ്യാടിക്കടുത്തുള്ള കടിയങ്ങാട് പാലേരി സ്വദേശിയാണ് രജിൻലാൽ. വിവാഹശേഷം നടക്കുന്ന പതിവ് ഫോട്ടോഷൂട്ടിനു വേണ്ടി ഇന്നു രാവിലെയാണ് രജിൻലാലും ഭാര്യ കണികയും ഫോട്ടോഗ്രാഫർക്കൊപ്പം നാടിനടുത്തുള്ള വിനോദസഞ്ചാര കേന്ദ്രമായ ചവറംമൂഴിയിൽ എത്തുന്നത്. ഇക്കോ ടൂറിസം കേന്ദ്രമായ ജാനകിക്കാട്ടിൽ കുറ്റ്യാടിപ്പുഴയുടെ ഭാഗമാണ് ചവറംമൂഴി പുഴയും. സ്ഥിരമായി സഞ്ചാരികൾക്കു പുറമെ വിവാഹ ഫോട്ടോഷൂട്ടിനടക്കം ആളുകൾ വരുന്ന സ്ഥലം.
ഒഴുക്കും ചുഴികളും; ഉരുളൻകല്ല് നിറഞ്ഞ അപകടമേഖല
ഇക്കോ ടൂറിസം കേന്ദ്രമാണ് ജാനകിക്കാട്. കുറ്റ്യാടിപ്പുഴയുടെ ഭാഗമായ ചവറംമൂഴിപ്പുഴ ഒഴുകുന്നത് ഇതിലൂടെയാണ്. ഫോട്ടോഷൂട്ടിനും അല്ലാതെയുമായി സ്ഥിരമായി സഞ്ചാരികളെത്തുന്ന സ്ഥലമാണിത്.വളരെ പെട്ടെന്ന് വേലിയേറ്റവും ഒഴുക്കുമുണ്ടാകുന്ന പുഴയാണ് ചവറംമൂഴിപ്പുഴയെന്നാണ് നാട്ടുകാർ പറയുന്നത്. അപ്രതീക്ഷിതമായി ഒഴുക്കുണ്ടാകുകയും പെട്ടെന്നു തന്നെ ശാന്തമാകുകയും ചെയ്യുന്നതാണ് പുഴയുടെ സ്വഭാവം. നിറയെ ഉരുളൻകല്ലുകളുള്ള പുഴ കൂടിയാണിത്. വലിയ ചുഴികളുമുണ്ട് ഇവിടെ. പുഴയുടെ സ്വഭാവം അറിയാത്തവർ പെട്ടെന്ന് അപകടത്തിൽപെടാൻ സാധ്യതയേറെയാണ്. എന്നാൽ, മരിച്ച രജിൻലാൽ ഈ നാട്ടുകാരൻ തന്നെയാണ്. പുഴയുടെ സ്വഭാവത്തെക്കുറിച്ച് ബോധവാനായിരിക്കേണ്ടതാണ്. അതിനാൽ തന്നെ അബദ്ധത്തിൽ അപകടം സംഭവിച്ചതാകാനാണ് സാധ്യതയെന്നാണ് കരുതപ്പെടുന്നത്.ജാനകിക്കാട്ടിൽ മുന്നറിയിപ്പ് നൽകാനുള്ള ആളുകളും മറ്റ് ഉദ്യോഗസ്ഥരുമില്ലെന്ന് പലപ്പോഴും പരാതി ഉയരാറുണ്ട്. സ്ഥിരം ഫോട്ടോഷൂട്ട് കേന്ദ്രമായ ഇവിടെ അല്ലാതെയും സഞ്ചാരികൾ എത്താറുണ്ട്. പലപ്പോഴും അപകടങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനാൽ, വേണ്ട സുരക്ഷാ സജ്ജീകരണങ്ങൾ ഇവിടെയൊരുക്കണമെന്ന ആവശ്യം ശക്തമാണ്.