ചുട്ടുപൊള്ളിയത് വെറുതേയല്ല; കടന്നുപോയത് 122 വര്‍ഷത്തിനിടയിലെ ചൂടേറിയ മാര്‍ച്ച്

0
274

ന്യൂഡല്‍ഹി: രാജ്യം ഇത്തവണ കടന്നു പോയത് ഒന്നേകാല്‍ നൂറ്റാണ്ടിലെ ഏറ്റവും ചൂടുകൂടിയ ദിനങ്ങളിലൂടെ. 122 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ മാര്‍ച്ച് മാസമായിരുന്നു ഇത്തവണയെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ ഏറ്റവും ചൂടേറിയ മാസവും മധ്യ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ചൂടേറിയ മാസവുമായിരുന്നു കടന്ന് പോയത്.

1901 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 2010 ആയിരുന്നു നേരത്തെ ഇത്തരത്തില്‍ ഉയര്‍ന്ന താപ നില രേഖപ്പെടുത്തിയ വര്‍ഷം. 2010 ല്‍ മാര്‍ച്ച് മാസത്തില്‍ അനുഭവപ്പെട്ട പരമാവധി താപനില എന്ന റെക്കോര്‍ഡ് ഇത്തവണ മറികടന്നു എന്നും കാലവാസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2010 മാര്‍ച്ചില്‍ ഇന്ത്യയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന പകല്‍ താപനില ശരാശരി 33.09 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. എന്നാല്‍ ഇത്തവണ മാര്‍ച്ചില്‍ ഇത് 33.1 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു എന്നും കാലവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തിലും, കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ഏറ്റവും ചൂടേറിയ വര്‍ഷങ്ങളാണ് ഇപ്പോഴത്തേത്. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിലെ കാലാവസ്ഥയെ തീവ്രമാക്കുകയും കാലവധിയെയും ബാധിക്കുന്നു ഉഷ്ണ തരംഗങ്ങള്‍, ചുഴലിക്കാറ്റ്, കനത്ത മഴയുടെ എന്നിവയുള്‍പ്പെടെ ഇതിന്റെ ഭാഗമാണെന്നും ദേശീയ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ രാജേന്ദ്ര ജെനമണി ചൂണ്ടിക്കാട്ടുന്നു. ടൈസ് ഓഫ് ഇന്ത്യയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വരള്‍ച്ചയുടെ ദൈര്‍ഘ്യം വര്‍ധിച്ചു, അതിശക്തമായ മഴയുടെ അളവ് കൂടി. ചൂടു കാലം കൂടുതല്‍ ചൂടുപിടിക്കുന്ന നിലയിലേക്ക് മാറുകയാണെന്നും ജെനമണി പറഞ്ഞു.

‘കഴിഞ്ഞ മാര്‍ച്ച് മാസത്തിന്റെ രണ്ടാം പകുതിയില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്ന പകല്‍ താപനിലയാണ് രേഖപ്പടുത്തിയത്. ഇതിനൊപ്പം കുറഞ്ഞ വേനല്‍ മഴയാണ് ലഭിച്ചത്. ഡല്‍ഹി, ഹരിയാന, വടക്കു കിഴക്കന്‍ മേഖലയിലെ മലയോര പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും മാര്‍ച്ചില്‍ സാധാരണ താപനിലയേക്കാള്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തി. ഡല്‍ഹി, ചന്ദ്രപൂര്‍, ജമ്മു, ധര്‍മ്മശാല, പട്യാല, ഡെറാഡൂണ്‍, ഗ്വാളിയോര്‍, കോട്ട, പൂനെ എന്നിവയുള്‍പ്പെടെ നിരവധി മേഖലകള്‍ 2022 മാര്‍ച്ചില്‍ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്.

‘പശ്ചിമ ഹിമാലയന്‍ മേഖലയിലെ ഹില്‍ സ്റ്റേഷനുകളിലും ഉയര്‍ന്ന പകല്‍ താപനില രേഖപ്പെടുത്തി. 7ºC-11ºC വരെ താപനില ഉയരുന്ന നിലയുണ്ടായി. ഇത് മുന്‍കാലങ്ങളിലെ പതിവിന് വിപരീതമാണ്. ഡെറാഡൂണ്‍, ധര്‍മ്മശാല ജമ്മു പോലുള്ള ഹില്‍ സ്റ്റേഷനുകളില്‍ മാര്‍ച്ചില്‍ പരമാവധി താപനില 34ºC-35ºC എന്നത് വളരെ ഉയര്‍ന്ന അവസ്ഥയാണെന്നും വിദഗ്ദര്‍ ചുണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here