ബംഗളൂരു:(mediavisionnews.in) ബംഗളൂരുവിലെ സ്വകാര്യ സ്ഥാപന ഉടമയുടെ കാറുമായി മുങ്ങിയ കേസിൽ പ്രതിയായ ഉപ്പള സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള പ്രതാപ് നഗറിലെ കെ.പി അശ്വതിനെ (38)യാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപന ഉടമ ജി സുന്ദർ നല്‍കിയ പരാതിയിൽ അശ്വതിനെതിരെ ബംഗളൂരു സിറ്റി പൊലീസ് കേസെടുത്തിരുന്നു. ഒരാഴ്ച മുമ്പാണ് ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന അശ്വത് ഉടമയുടെ കാറുമായി സ്ഥലം വിട്ടത്. രൂപശ്രീ വധക്കേസിലെ പ്രതികളിൽ ഒരാൾ കൂടിയാണ് അശ്വത്. ഈ കേസിൽ റിമാൻഡിലായിരുന്ന അശ്വത് ജാമ്യത്തിലിറങ്ങിയ ശേഷം ബംഗളൂരുവിലേക്ക് പോവുകയും അവിടത്തെ സ്വകാര്യസ്ഥാപനത്തിൽ ജോലിയിൽ കയറുകയുമായിരുന്നു. ഹിന്ദു മഹാസഭയുടെ നേതാവാണ് താനെന്നാണ് അശ്വത് പറയുന്നത്. എന്നാൽ സംഘടന ഇക്കാര്യം നിഷേധിച്ചു.