ന്യൂഡല്‍ഹി: സൈന്യത്തില്‍ ചേരണമെന്ന ആഗ്രഹവുമായി അര്‍ധരാത്രിയില്‍ നിര്‍ത്താതെ ഓടി ജനമനസ്സുകളില്‍ ഇടം നേടിയ 19-കാരന്‍ പ്രദീപ് മെഹ്‌റയ്ക്ക് സഹായവുമായി ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ശൃംഖലയായ ഷോപ്പേഴ്‌സ് സ്റ്റോപ്. 2.5 ലക്ഷം രൂപയുടെ ചെക്ക് അവര്‍ പ്രദീപിന് കൈമാറി. ചികിത്സയില്‍ കഴിയുന്ന പ്രദീപിന്റെ അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് തുക കൈമാറിയത്.
സംവിധായകനും എഴുത്തുകാരനുമായ വിനോദ് കാപ്രിയാണ് തോളില്‍ ബാഗുമിട്ട് അര്‍ധരാത്രി നോയ്ഡയിലെ റോഡിലൂടെ ഓടുന്ന പ്രദീപിന്റെ വീഡിയോ പങ്കുവെച്ചത്. വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ ബോളിവുഡ് സെലിബ്രിറ്റികള്‍, സൈനിക ഉദ്യോഗസ്ഥര്‍, രാഷ്ട്രീയനേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രദീപ് മെഹ്‌റയെ പുകഴ്ത്തുകയും, അഭിനന്ദിക്കുകയും ചെയ്തു.
റിട്ട. ലെഫ്റ്റനന്റ് ജനറല്‍ സതീഷ് ദുവയും പ്രദീപിനെ അഭിനന്ദിക്കുകയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ‘അവന്റെ ആവേശം അഭിനന്ദനാര്‍ഹമാണ്. റിക്രൂട്ട്മെന്റ് ടെസ്റ്റുകളില്‍ അവനെ സഹായിക്കുന്നതിന്, കുമയോണ്‍ റെജിമെന്റിന്റെ കേണല്‍, ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ റാണ കലിത എന്നിവരുമായി ഞാന്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. തന്റെ റെജിമെന്റിലേക്ക് തെരഞ്ഞെടുക്കാന്‍ ആവശ്യമായ എല്ലാം പരിശീലനവും അദ്ദേഹം അവന് നല്‍കും. ജയ് ഹിന്ദ്” റിട്ട. ജനറല്‍ ഒരു ട്വീറ്റില്‍ പറഞ്ഞു.
തെഹ്രിയിലെ പാര്‍ലമെന്റ് അംഗം വിജയ് ലക്ഷ്മിയും 50,000 രൂപ ധനസഹായം വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ, നോയിഡ പൊലീസ് കമ്മീഷണറും അവന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രദീപ് സഹോദരനൊപ്പം സെക്ടര്‍ 49 ബറോല ഗ്രാമത്തിലാണ് താമസിക്കുന്നത്. അവന്‍ ജോലി ചെയ്യുന്നത് നോയിഡയിലെ മക്ഡൊണാള്‍ഡിലാണ്. ഇന്ത്യന്‍ സൈന്യത്തില്‍ ചേരണമെന്നുള്ളത് അവന്റെ വളരെ കാലമായുള്ള ആഗ്രഹമാണ്. എന്നാല്‍ കുടുംബത്തിന്റെ ചുമതല അവന്റെയും സഹോദരന്റെയും ചുമലിലാണ്. അതുകൊണ്ട് തന്നെ ജോലി ഉപേക്ഷിച്ച് പരിശീലനത്തിന് പോകാന്‍ അവന് സാധിക്കില്ല. എന്നാല്‍ എന്നെങ്കിലും താന്‍ സൈന്യത്തില്‍ ചേരുമെന്ന് അവന് ഉറപ്പുണ്ട്. അതിനായാണ് അവന്‍ എന്നും ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള പത്ത് കിലോമീറ്റര്‍ ദൂരം ഓടി സ്വയം പരിശീലിക്കുന്നത്.