ദമ്മാം: അന്താരാഷ്ട്ര വിമാന സർവിസുകളുടെ വിലക്കുകൾ നീങ്ങുകയും ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്യുമെന്ന് കാത്തിരുന്നവർക്ക് ഇരുട്ടടിയായി നിരക്കുകൾ കുത്തനെ വർധിച്ചു. നേരത്തേയുണ്ടായിരുന്ന ചാർട്ടർ ൈഫ്ലറ്റുകൾ ഇല്ലാതാവുകയും എന്നാൽ പുതിയ സർവിസുകൾ ആരംഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്. പ്രധാനമായും കൊച്ചിയിൽനിന്നും തിരുവനന്തപുരത്തുനിന്നും ദമ്മാമിലേക്കുള്ള യാത്രക്കാരാണ് വെട്ടിലായത്. ഇവിടെനിന്ന് പുതിയ വിമാന സർവിസുകൾ ആരംഭിച്ചിട്ടില്ല എന്നു മാത്രമല്ല കണക്ഷൻ ൈഫ്ലറ്റുകൾക്കും ടിക്കറ്റ് നിരക്കിൽ വൻ വർധനയാണുണ്ടായിരിക്കുന്നത്.
മാർച്ച് 27ന് ഇന്ത്യയിൽനിന്നുള്ള അന്താരാഷ്ട്ര വിമാന സർവിസുകളുടെ വിലക്ക് അവസാനിക്കുന്നതോടെ കൂടുതൽ ൈഫ്ലറ്റുകൾ സർവിസ് ആരംഭിക്കുകയും ടിക്കറ്റ് നിരക്കിൽ ഗണ്യമായ കുറവ് അനുഭവപ്പെടുകയും ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാർ. കോവിഡ് പ്രതിസന്ധി മാറുകയും ജീവിതം സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തതോടെ സന്ദർശക വിസയിലുൾപ്പെടെ നിരവധി കുടുംബങ്ങൾ സൗദിയിലേക്ക് വരാൻ തയാറെടുക്കുമ്പോഴാണ് അധികൃതരുടെ പുതിയകൊള്ള.