ഇന്ധന വില വര്‍ധനവിനെതിരെ ‘ബി.ജെ.പി മോഡലില്‍’ കോണ്‍ഗ്രസിന്റെ പ്രതിഷേധം

0
330

ന്യൂദല്‍ഹി: ഇന്ധന വില വര്‍ധനയ്‌ക്കെതിരെ മണിമുഴക്കിയും ഡ്രമ്മടിച്ചും പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ്.

മാര്‍ച്ച് 31 ന് എല്ലാവരും വീടിന് പുറത്തിറങ്ങി പൊതു സ്ഥലത്തെത്തി മണിമുഴക്കാനും
ഡ്രമ്മടിക്കാനുമാണ് കോണ്‍ഗ്രസ് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

”ഗ്യാസ്, പെട്രോള്‍ എന്നിവയുടെ അനിയന്ത്രിതമായ വിലവര്‍ധനവിനെതിരെ മുഖം തിരിച്ച് നില്‍ക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി മാര്‍ച്ച് 31 ന് രാവിലെ 11 മണിക്ക് ആളുകള്‍ അവരുടെ വീടിന് പുറത്തും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളില്‍ മാല ചാര്‍ത്തിയും ഡ്രമ്മടിച്ചും മണിമുഴക്കിയും പ്രതിഷേധിക്കു,” കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

ലോക് ഡൗണ്‍ സമയത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് പാത്രമടിച്ച് ശബ്ദമുണ്ടാക്കാന്‍ പറഞ്ഞിരുന്നു. ഇതേ രീതിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നാല് ദിവസത്തിനിടെയുള്ള മൂന്നാമത്തെ ഇന്ധനവില വര്‍ധനവാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഡീസല്‍ വില ലിറ്ററിന് 80 പൈസയാണ് വര്‍ധിപ്പിച്ചത്.

2017 ജൂണില്‍ പ്രതിദിന വില പരിഷ്‌കരണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കൂടിയ വര്‍ധനവാണിത്. മാര്‍ച്ച് 22 മുതല്‍ മൂന്ന് തവണയാണ് വില വര്‍ധിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 2.40 രൂപയാണ് കൂട്ടിയത്. നിരക്ക് പരിഷ്‌ക്കരണത്തിലെ 137 ദിവസത്തെ റെക്കോര്‍ഡ് മാര്‍ച്ച് 22 ന് അവസാനിച്ചിട്ടുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളര്‍ വര്‍ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here