തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ, പൊതുമേഖല വിറ്റഴിക്കല്‍ നടപടികള്‍ക്കെതിരെ ദേശവ്യാപകമായി ബിജെപി ഇതര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത 48 മണിക്കൂര്‍ പൊതു പണിമുടക്കിൽ സംസ്ഥാനത്ത് ഹര്‍ത്താല്‍ സമാന സാഹചര്യത്തിന് സാധ്യത. മാര്‍ച്ച് 27 അര്‍ധരാത്രി മുതല്‍ 29 അര്‍ധരാത്രി വരെയാണ് കോണ്‍ഗ്രസ്, ഇടത് അനുകൂല ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ സംസ്ഥാനത്ത് 28, 29 തീയതികളില്‍ ഹര്‍ത്താല്‍ സമാന പ്രതീതിയുളവാക്കും.
കടകമ്പോളങ്ങളും വ്യാപാര, വ്യവസായ സ്ഥാപനങ്ങളും ബാങ്കുകളും പൂര്‍ണമായും അടഞ്ഞു കിടക്കും. സംസ്ഥാനം ഭരിക്കുന്ന ഇടതു മുന്നണി കൂടി പിന്തുണയ്ക്കുന്ന സമരമായതിനാല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ ഒന്നും തുറന്നു പ്രവര്‍ത്തിക്കാനിടയില്ല. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ക്കാരിന്‍റെ സംരക്ഷണം കൂടി ഉണ്ടാകുമെന്നതിനാല്‍ പണിമുടക്ക് ശക്തമാകാനാണ് സാധ്യത.
കൊവിഡ് ലോക്ക്ഡൗണിനു ശേഷം രണ്ട് ദിവസം സംസ്ഥാനം സമാന സാഹചര്യത്തിലേക്ക് പോകും. ബിജെപി മാത്രമാണ് പണിമുടക്കിനെ എതിര്‍ക്കുന്നത്. പൊതു ഗതാഗത സംവിധാനങ്ങളായ കെഎസ്ആര്‍ടിസിയും ട്രെയിന്‍ സര്‍വീസും ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കില്ല.
അവശ്യ സര്‍വീസുകളും ആശുപത്രി, പത്രം, പാല്‍ എന്നിയ്ക്കുള്ള നീക്കം മാത്രമേ ഈ ദിവസങ്ങളില്‍ നടക്കൂ. ഇതു കണക്കിലെടുത്ത് ജനങ്ങള്‍ മുന്‍ കൂട്ടി തയാറെടുപ്പുകള്‍ നടത്തി പണിമുടക്കുമായി സഹകരിക്കണമെന്നാണ് സംയുക്ത സമരസമിതിയുടെ അഭ്യര്‍ഥന.