ദില്ലി: ദില്ലിയിൽ കെ റെയിൽ ( K Rail) പ്രതിഷേധത്തിനിടെ കേരളത്തിലെ എംപിമാർക്കെതിരെ (Kerala MPs) ദില്ലി പൊലീസിന്‍റെ (Delhi Police) കയ്യേറ്റം. പാർലമെന്‍റ് മാർച്ച് നടത്തിയ എംപിമാരെ ദില്ലി പൊലീസ് കായികമായി നേരിട്ടു. ഹൈബി ഈഡൻ അടക്കമുള്ള എംപിമാർക്ക് മർദ്ദനമേറ്റു. ദില്ലി പൊലീസ് ഉദ്യോഗസ്ഥൻ ഹൈബിയുടെ മുഖത്തടിച്ചു. ടിഎൻ പ്രതാപനെ പൊലീസ് പിടിച്ചു തള്ളി. രമ്യ ഹരിദാസ് എംപിക്ക് നേരെയും കയ്യേറ്റമുണ്ടായി. കെ മുരളീധരൻ എംപിയെയും പൊലീസ് പിടിച്ചു തള്ളി.
എംപിമാർ വിജയ് ചൗക്ക് ഭാഗത്ത് പ്രതിഷേധം നടത്തുന്നത് സർവ്വസാധാരണമാണ്. കേരളത്തിലെ എംപിമാർ മാത്രം പങ്കെടുത്ത പ്രതിഷേധത്തിന് നേരെയാണ് ദില്ലി പൊലീസ് അതിക്രമം ഉണ്ടായത്. രമ്യ ഹരിദാസ് എംപിയെ ദില്ലി പൊലീസിലെ പുരുഷൻമാർ മർദ്ദിച്ചുവെന്നാണ് പരാതി. വനിതാ പൊലീസുകാരൊന്നും സംഘത്തിലുണ്ടായിരുന്നില്ല.
കെ റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നൽകിയിരുന്നു. പ്രതിഷേധത്തിന് ശേഷം പാലമെന്റിലേക്ക് പോകാനിരുന്ന എംപിമാർക്ക് നേരെയാണ് ദില്ലി പൊലീസിന്റെ അതിക്രമം നടന്നത്.
സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളെ കേരളത്തിലെ എൽഡിഎഫ് സർക്കാർ പൊലീസിനെ ഉപയോഗിച്ച് മർദിച്ച് ഒതുക്കുന്നുവെന്നായിരുന്നു ഹൈബി ഈഡന്റെ നോട്ടീസിലെ പ്രധാന വാദം. സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളെ കേരളത്തിലെ എൽഡിഎഫ് സർക്കാർ പോലീസിനെ ഉപയോഗിച്ച് എതിർക്കുകയാണെന്നും സ്ത്രീകളും കുട്ടികളടക്കമുള്ളവരെ അതിക്രൂരമായിട്ടാണ് പൊലീസ് നേരിടുന്നതെന്നും ഹൈബി കൂട്ടിച്ചേർത്തിരുന്നു. കേരളം മുഴുവൻ പദ്ധതിക്കെതിരാണെന്നും എംപി നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്.
അതേ സമയം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. റെയിൽവേ മന്ത്രി സിൽവർലൈനിന് എതിരായതുകൊണ്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത് എന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു. സമ്പൂർണ്ണമായ പാർട്ടി ഭരണമാണ് കേരളത്തിൽ നടക്കുന്നത്. ഒരു കാരണവശാലും സിൽവർ ലൈനിന് അനുമതി നല്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപെടുന്നു. പ്രതിഷേധം നടക്കുമ്പോൾ ആണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാൻ എത്തിയത്. ഇത്ര ധൃതിപിടിച്ച് ഈ കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നതിനു പിന്നിലെ കാരണം എന്താണ്. അനാവശ്യ ധൃതി എന്തിനാണ്. പദ്ധതിയിൽ സർവകക്ഷി യോഗം വിളിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല എന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.
പദ്ധതിക്ക് അന്തിമ അനുമതി ആയിട്ടില്ല എന്ന് റെയിൽവേ മന്ത്രി തന്നെ വ്യക്തമാക്കിയത് ആണെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി അഭിപ്രായപ്പെട്ടു. ഇടതു പക്ഷത്തോട് ആഭിമുഖ്യം ഉള്ള ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും വ്യത്യസ്ത നിലപാട് സ്വീകരിച്ചു. എല്ലാവരും തെറ്റെന്ന് പറഞ്ഞ പദ്ധതി ധിക്കാരപൂർവം നടപ്പാക്കാൻ ആണ് കേരള സർക്കാർ ശ്രമിക്കുന്നത്. ഈ നീക്കത്തിൽ കേരള സർക്കാർ പിന്മാറും വരെ പ്രതിഷേധത്തിൻ്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.