യുപിയില്‍ വിഷാംശമുള്ള മിഠായികഴിച്ച് 3 സഹോദരങ്ങളുള്‍പ്പെടെ 4 കുട്ടികള്‍ മരിച്ചു; സംഭവത്തില്‍ ദുരൂഹത

0
235

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ മൂന്നുസഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു കുഞ്ഞുങ്ങള്‍ വിഷാംശമുള്ളതെന്ന് സംശയിക്കുന്ന മിഠായി കഴിച്ച് മരിച്ചു. കുശിനഗര്‍ ജില്ലയിലെ ദിലീപ്‌നഗര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം.

മരിച്ച കുഞ്ഞുങ്ങളില്‍ മൂന്നുപേര്‍-മഞ്ജന(5), സ്വീറ്റി(3), സമര്‍(2) എന്നിവര്‍ സഹോദരങ്ങളാണ്. കൂടാതെ, സമീപവാസിയായ അഞ്ചുവയസ്സുകാരന്‍ അരുണും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

മഞ്ജനയുടെയും സ്വീറ്റിയുടെയും സമറിന്റെയും മുത്തശ്ശിയായ മുഖിയ ദേവിക്ക്, രാവിലെ വീട് അടിച്ചുവാരുന്നതിനിടെ ഒരു പ്ലാസ്റ്റിക് ബാഗ് ലഭിക്കുകയായിരുന്നു. അഞ്ചു മിഠായികളും കുറച്ച് നാണയങ്ങളുമായിരുന്നു ബാഗിലുണ്ടായിരുന്നത്. മുഖിയ, മിഠായികള്‍ തന്റെ കൊച്ചുമക്കള്‍ക്കും സമീപത്തെ കുഞ്ഞിനും നല്‍കുകയായിരുന്നെന്ന് ഗ്രാമവാസികള്‍ പറഞ്ഞതായി കുശിനഗര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് വരുണ്‍ കുമാര്‍ പാണ്ഡേ പറഞ്ഞു.

മിഠായി കഴിച്ചതിനു പിന്നാലെ കുട്ടികള്‍ ബോധരഹിതരായി. ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടികള്‍ കഴിക്കാത്ത, ബാക്കിവന്ന ഒരു മിഠായി ഫോറന്‍സിക് പരിശോധനയ്ക്കായി സൂക്ഷിച്ചിരിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പാണ്ഡേ കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ അനുശോചനം അറിയിക്കുകയും വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here