കുറ്റവാളികൾ ജയിൽ ചാടുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ പൂനെയിൽ സംഭവിച്ചത് ആരെയും അത്ഭുതപ്പെടുത്തും. വെറും അഞ്ച് സെക്കൻഡ് കൊണ്ട് യാതൊരു ആയുധങ്ങളും കൂടാതെ തന്നെ ഒരു പ്രതി ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട് കടന്നു കളഞ്ഞു. പൂട്ട് പൊളിക്കുകയോ കമ്പികൾ വളയ്ക്കുകയോ ഒന്നും ചെയ്യാതെയാണ് പ്രതി ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട് ഓടിയ പ്രതിയെ പിന്നീട് പൊലീസ് ഓടിച്ചിട്ട് പിടിച്ചു തിരികെ കൊണ്ടുവരികയായിരുന്നു.
മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ചകാൻ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. കുനാൽ വീർ എന്നയാളാണ് പ്രതി. എന്നാൽ എങ്ങനെ ഇത്ര വിദഗ്ധമായി അയാൾ ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ടു എന്നത് പൊലീസുകാരെയും കുഴപ്പിച്ചു. എങ്ങനെയാണ് ഒരു പ്രതി ഇങ്ങനെ അപ്രത്യക്ഷനാകുന്നത് എന്നോർത്ത് സ്‌റ്റേഷനിൽ നിയോഗിക്കപ്പെട്ട എല്ലാ പൊലീസുകാരും അമ്പരന്നു പോയി. ലോക്കപ്പിലെ സുരക്ഷാ വീഴ്ചയിൽ ആശങ്ക പ്രകടിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർ കള്ളനോട് എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് ചോദിച്ചു. തുടർന്ന് ഒളിച്ചോട്ടത്തിന്റെ ലൈവ് ഡെമോ നടത്തി രക്ഷപ്പെട്ട വഴി പ്രതി പൊലീസുകാർക്ക് കാണിച്ചു കൊടുത്തു. ഇത് കണ്ട് സ്‌റ്റേഷനിലുണ്ടായിരുന്ന പൊലീസുകാർ സ്തംഭിച്ചു നിന്ന് പോയി. ലോക്കപ്പിന്റെ ഇരുമ്പ് കമ്പികൾക്കിടയിലൂടെ യുവാവ് സുഖമായി പുറത്തിറങ്ങുകയായിരുന്നു. തീരെ മെലിഞ്ഞ കുനാൽ കമ്പികളുടെ വിടവുകൾകിടയിലൂടെ കുടുങ്ങാതെ അനായാസേന പുറത്ത് ചാടി.
പൊലീസ് ഉദ്യോഗസ്ഥൻ മൂത്രമൊഴിക്കാൻ പോയ തക്കത്തിനായിരുന്നു അയാൾ ഇത് ചെയ്തത്. രക്ഷപ്പെട്ട് ഓടിയ പ്രതിയെ അരമണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. ഇപ്പോൾ ഈ ലൈവ് ഡെമോയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ജയിലിന്റെ കമ്പികൾക്കിടയിലൂടെ ശരീരം വളച്ചൊടിച്ച് ഒരു വശത്ത് നിന്ന് മറുവശത്തേക്ക് എളുപ്പത്തിൽ എങ്ങനെ അയാൾ നീങ്ങി എന്നത് ഡെമോയിൽ വ്യക്തമായി കാണാം. ലോക്കപ്പിനുള്ളിൽ നിന്ന് പുറത്ത് കടക്കാൻ അയാൾക്ക് ഏതാനും നിമിഷങ്ങളെ മാത്രമേ വേണ്ടി വന്നുള്ളൂ. ഇത് കണ്ട് എല്ലാവരും അമ്പരന്നു. പ്രതിയുടെ ഈ പ്രവൃത്തി മുഴുവൻ പൊലീസ് വകുപ്പിനെയും ജയിൽ ഭരണകൂടത്തെയും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.
Police Make SLIM accused give Live Demo of how he escaped from Lock Up from Chakan Police Station of Pimpri-Chinchbad by Squeezing out of the Lock up Bars 🤦♀️😂 pic.twitter.com/WP0NNDn0Kx
— Rosy (@rose_k01) March 22, 2022
“ഒരു പ്രതിക്ക് ലോക്കപ്പിലെ ബാറുകളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും അത് തടയാൻ എന്ത് മുൻകരുതലുകൾ എടുക്കാമെന്നും കാണിക്കാൻ വേണ്ടിയാണ് ഞങ്ങളുടെ ഉദ്യോഗസ്ഥർ വീഡിയോ ചിത്രീകരിച്ചത്. ഇതിനായി, അയാൾ എങ്ങനെ രക്ഷപ്പെട്ടുവെന്ന് ഒരിക്കൽ കൂടി ചെയ്തു കാണിക്കാൻ ഞങ്ങൾ പ്രതിയോട് ആവശ്യപ്പെട്ടിരുന്നു. വീഡിയോ എങ്ങനെയാണ് പുറത്തായതെന്ന് ഞങ്ങൾക്ക് അറിയില്ല. ഞങ്ങൾ അത് പരിശോധിച്ചുവരികയാണ്” ചക്കൻ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഇൻസ്പെക്ടർ വൈഭവ് ഷിംഗാരെ പറഞ്ഞു. ലോക്കപ്പിൽ കഴിയുകയായിരുന്ന പ്രതിയെ മോഷണക്കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ഇത്തരമൊരു കേസ് വന്നതോടെ പൊലീസ് സ്‌റ്റേഷനുകളിലെ ലോക്കപ്പുകൾ കൂടുതൽ സുരക്ഷിതമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.