ശിവമോഗയിലെ ഉത്സവത്തിന് മുസ്‍ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തി സംഘാടക സമിതി

0
225

ബെംഗളൂരു: ഹിന്ദുത്വ ഗ്രൂപ്പുകളുടെ സമർദ്ദത്തിന് വഴങ്ങി ശിവമോഗയിലെ ഉത്സവത്തിന് മുസ്ലിം വ്യാപാരികൾക്ക് സംഘാടക സമിതി വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. മാർച്ച് 22 മുതൽ കർണാടകയിലെ കോട്ടെ മാരികംബ ജാത്രെയുടെ നേതൃത്വത്തിൽ നടക്കുന്ന ഉത്സവത്തിനാണ് മുസ്ലീം വ്യാപാരികൾക്ക് കടകൾ നടത്താന്‍ വിലക്കേർപ്പെടുത്തിയത്.

തീവ്ര ഹിന്ദുത്വ ഗ്രൂപ്പായ ബജ്‌റംഗ്ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതാക്കളുടെ സമർദ്ദത്തെ തുടർന്നാണ് വിലക്കേർപ്പെടുത്തുന്നതെന്ന് സംഘാടക സമിതി അറിയിച്ചിട്ടുണ്ട്. ഇതുവരെ ഉത്സവത്തിനെ വർഗീയപരമായി കാണാന്‍ തങ്ങൾ ശ്രമിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. ഉത്സവത്തിന് മുസ്ലീങ്ങൾക്ക് കട നടത്താന്‍ അനുവദിക്കുന്നതിനെതിരെ ഹിന്ദുത്വ ഗ്രൂപ്പുകൾ മൂന്ന് ദിവസമായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുകയാണെന്നും ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് അവരുടെ ആവശ്യം അംഗീകരിക്കുന്നതെന്നും ഉത്സവ കമ്മിറ്റി പ്രസിഡന്‍റ് എസ്. കെ മാരിയപ്പ അഭിപ്രായപ്പെട്ടു.

വ്യാപാരം നടത്തുന്നതൊഴികെയുള്ള ഉത്സവവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളിൽ മുസ്ലീങ്ങളെ പങ്കെടുക്കാന്‍ അനുവദിക്കുമെന്നും മാരിയപ്പ പറഞ്ഞു.

ഫെബ്രുവരിയിൽ ശിവമോഗയിൽ ബജ്‌റംഗ്ദൾ പ്രവർത്തകനായ ഹർഷ കൊല്ലപ്പെട്ടതിനെത്തുടർന്ന് പ്രദേശത്ത് ഹിന്ദു-മുസ്ലിം സമുദായങ്ങൾക്കിടയിൽ വലിയ സംഘർഷങ്ങൾ നിലനിന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here