കുടുംബ വഴക്കിന്റെ പേരില്‍ അച്ഛന്‍ സ്വന്തം മകനെയും കുടുംബത്തെയും തീ വച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് ഇടുക്കി ചീനിക്കുഴി നിവാസികള്‍ ഇതുവരെ മുക്തരായിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് പിതാവ് ഹമീദ് കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകം നടത്തുന്നതിനായി ഹമീദ് പെട്രോള്‍ നേരത്തെ കരുതിയിരുന്നു. മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്. തീ പിടുത്തം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിക്കും എന്നതിനാല്‍, വീട്ടിലേയും അയല്‍ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടിരുന്നു.
മോട്ടര്‍ അടിക്കാതിരിക്കാന്‍ വൈദ്യുതിയും വിച്ഛേദിച്ചു. വീടിന്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടി. ശേഷം ജനലിലൂടെ പെട്രോള്‍ അകത്തേക്ക് എറിഞ്ഞ് തീ വയ്ക്കുകയായിരുന്നു. തീ ഉയര്‍ന്നതോടെ രക്ഷപ്പെടാനായി ഫൈസലും കുടുംബവും കുളിമുറിയിലേക്ക് ഓടിക്കയറിയെങ്കിലും വെള്ളമില്ലാത്തതിനാല്‍ കുടുംബം അഗ്‌നിക്കിരയാവുകയായിരുന്നു.
തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോഴും, തീ വയ്ക്കാന്‍ ഉപയോഗിച്ച പെട്രോള്‍ കുപ്പി വീണ്ടും ജനലിലൂടെ വീട്ടിലേക്ക് വലിച്ചെറിയാന്‍ ഹമീദ് ശ്രമിച്ചു. നാട്ടുകാര്‍ ചേര്‍ന്നാണ് ഹമീദിനെ പിന്തിരിപ്പിച്ചത്.
ഹമീദിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്റു, അസ്ന എന്നിവരാണ് മരിച്ചത്. ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.