ഇന്ത്യ-സൗദി വിമാന സർവീസ് പുനരാരംഭിക്കുന്നു; ആദ്യ സർവ്വീസ് മാർച്ച് 27 ന്

0
267

ഇന്ത്യ-സൗദി സെക്ടറിൽ റഗുലർ വിമാന സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു. കേരളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസാണ് സൗദിയിലെ വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുക. ഈ മാസം 27 മുതൽ എയർ ഇന്ത്യ എകസ്പ്രസ് സർവീസ് ആരംഭിക്കും. രണ്ട് വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് റഗുലർ സർവീസ് പുനരാരംഭിക്കുന്നത്.

മാർച്ച് 27 മുതൽ ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചായായാണ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും റഗുലർ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചത്. കോഴിക്കോട്-ജിദ്ദ സെക്ടറിൽ തിങ്കൾ, ബുധൻ, വെള്ളി, ഞായർ എന്നിങ്ങിനെ ആഴ്ചയിൽ നാല് സർവീസുകളും, കൊച്ചി-ജിദ്ദ സെക്ടറിൽ വെള്ളിയാഴ്ചയും എയർ ഇന്ത്യ എക്‌സ് പ്രസ് സർവീസ് നടത്തും. കോഴിക്കോട് – റിയാദ് സെക്ടറിൽ തിങ്കൾ, ചൊവ്വ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലും കണ്ണൂർ റിയാദ് സെക്ടറിൽ വ്യാഴം ഞായർ ദിവസങ്ങളിലുമാണ് സർവ്വീസുണ്ടാകുക. ഞായർ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കോഴിക്കോട്- ദമ്മാം സെക്ടറിൽ സർവീസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

7 കിലോ ഹാന്റ് ബാഗിന് പുറമെ 20, 30 കിലോ വീതം ലഗേജുകളനുവദിക്കുന്ന വ്യത്യസ്ത ഫെയറുകൾ യാത്രക്കാർക്ക് തെരഞ്ഞെടുക്കാം. കൂടാതെ 100 റിയാലിന് 5 കിലോ എന്ന തോതിൽ കൂടുതൽ ബാഗേജുകളും കൊണ്ട് പോകാനാകും. കേരളത്തിൽ നിന്ന് സൗദിയിലേക്ക് പുറപ്പെടുന്ന യാത്രക്കാർക്ക് ഹാന്റ് ബാഗിന് പുറമെ 20 കിലോ ബാഗേജാണ് അനുവദിക്കുക. കോഴിക്കോട് നിന്ന് ജിദ്ദ, റിയാദ് എന്നീ സെക്ടറുകളിൽ ഏകദേശം 29,000 രൂപ മുതലും, കോഴിക്കോട്-ദമ്മാം സെക്ടറിൽ 26,000 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകൾ ഓണൈലൈനിലും ല്ഭ്യമാണ്. മറ്റു സ്വകാര്യ വിമാന കമ്പനികളും വൈകാതെ തന്നെ റഗുലർ സർവീസിനുള്ള ബുക്കിംഗ് ആരംഭിക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here