ഹിജാബ്: സുപ്രിം കോടതിയില്‍ കക്ഷി ചേരും; മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി

0
225

ന്യൂ ഡല്‍ഹി: ഹിജാബ് ഇസ്ലാമിക വിശ്വാസത്തിന്റെ അനിവാര്യ ഭാഗമല്ലെന്നും മൗലികാവകാശങ്ങളുടെ പരിഗണന ലഭിക്കില്ലെന്നുമുള്ള കര്‍ണാടക ഹൈക്കോടതി വിശാല ബഞ്ചിന്റെ വിധിക്കെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ പോകുമെന്ന് കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞിരിക്കെ കേസില്‍ കക്ഷി ചേരുമെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അറിയിച്ചു.

ഇക്കാര്യത്തില്‍ ഇന്ത്യയിലെ പ്രമുഖ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയതായി ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ: വി.കെ ഫൈസല്‍ ബാബു പ്രസ്താവനയില്‍ പറഞ്ഞു. വസ്ത്രസ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണ്. ഈ വിവാദം സംഘ്പരിവാര്‍ സൃഷ്ടിക്കുന്ന നാടകമാണ്. മുസ്ലിംകളുടെ പൗരാവകാശങ്ങള്‍ നിഷേധിച്ച് അവരെ അപരവല്‍ക്കരിക്കുക, മുസ്ലിം പെണ്‍കുട്ടികള്‍ നേടിയ വിദ്യാഭ്യാസ പുരോഗതി പുറകോട്ട് വലിക്കുക വര്‍ഗീയ ധ്രുവീകരണം ശക്തമാക്കുക തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങള്‍ ഇതിനുണ്ട്.

നീതി തേടി കോടതിയെ സമീപിച്ച പെണ്‍കുട്ടികളോടൊപ്പം നില്‍ക്കേണ്ട ബാധ്യത കോടതിക്കുണ്ടായിരുന്നു. ഹിജാബ് ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ല എന്ന് പറയാന്‍ കോടതിക്ക് അവകാശമില്ല. പൗരാവകാശം സംരക്ഷിക്കേണ്ട കോടതി മതവിധി പുറപ്പെടുവിക്കുന്നത് ഇന്ത്യ പോലൊരിടത്ത് ആശാസ്യമല്ല. നീതിന്യായക്കോടതിയിലുള്ള വിശ്വാസം കൈമോശം വന്നിട്ടില്ലെന്നും മൗലികാവകാശ സംരക്ഷണത്തിനായുള്ള പോരാട്ടത്തില്‍ മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മുന്‍നിരയില്‍ നില്‍ക്കുമെന്നും അഡ്വ.ഫൈസല്‍ ബാബു. പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here