ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വരുത്താത്ത നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് കപില്‍ സിബല്‍. സബ് കി കോണ്‍ഗ്രസ് ആണ് ഉണ്ടാവേണ്ടത്, അല്ലാതെ ഘര്‍ കി കോണ്‍ഗ്രസ് അല്ലെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ ആഗ്രഹിക്കാത്ത ഇന്ത്യയിലെ എല്ലാവരെയും ഒരുമിച്ചുകൂട്ടുകയാണ് ഇപ്പോള്‍ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയ മമത ബാനര്‍ജിയും ശരദ് പവാറും അകന്നുപോയ എല്ലാ കോണ്‍ഗ്രസുകാരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരേയും ഒന്നിപ്പിക്കുന്നതിനെയാണ് താന്‍ ‘സബ് കി കോണ്‍ഗ്രസ്’ എന്ന് വിളിക്കുന്നതെന്നും എ, ബി അല്ലെങ്കില്‍ സി ഇല്ലാതെ കോണ്‍ഗ്രസ് ഉണ്ടാകില്ലെന്ന് ചിലര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നും ‘ഘര്‍ കി കോണ്‍ഗ്രസ്’ ഇല്ലാതെ ‘സബ് കി കോണ്‍ഗ്രസിന്’ നിലനില്‍ക്കാനാവില്ലെന്ന് അവര്‍ വിശ്വസിക്കുന്നുവെന്നും അതാണ് വെല്ലുവിളിയെന്നും സിബല്‍ പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് കപില്‍ സിബല്‍ രംഗത്തെത്തിയത്.
ഗാന്ധിമാര്‍ നേതൃസ്ഥാനത്തുനിന്ന് മാറി മറ്റാര്‍ക്കെങ്കിലും സ്ഥാനം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരിരുന്നു.
എട്ട് വര്‍ഷത്തിന് ശേഷവും പാര്‍ട്ടിയുടെ തകര്‍ച്ചയുടെ കാരണങ്ങളെക്കുറിച്ച് അറിയില്ലെങ്കില്‍ നേതൃത്വം വെള്ളരിക്കാപ്പട്ടണത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തോല്‍വിയോ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള സി.ഡബ്ല്യു.സിയുടെ തീരുമാനമോ തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സിബല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ നേതൃമാറ്റത്തിനുള്ള ആവശ്യം കോണ്‍ഗ്രസില്‍ ശക്തപ്പെട്ടിരുന്നു. നേതൃമാറ്റം ആവശ്യപ്പെട്ട് ജി-23 നേതാക്കള്‍ രംഗത്തുവരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിളിച്ച് ചേര്‍ത്തിരുന്നു. എന്നാല്‍ സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നായിരുന്നു യോഗത്തിന്റെ തീരുമാനം.