ന്യൂഡൽഹി: ഇന്ത്യയിലെ ഇന്ധനവില വർദ്ധന കേന്ദ്ര സർക്കാരിനും ജനങ്ങൾക്കും ഒരു പോലെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. രാജ്യത്ത് ഈടാക്കുന്ന ഉയർന്ന നികുതി തന്നെയാണ് ഇന്ത്യയിലെ പെട്രോൾ വിലവർദ്ധനയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് എന്നത് വാസ്തവമാണെങ്കിലും നിലവിൽ നികുതിയിനത്തിൽ ഇളവ് നൽകുന്നത് സർക്കാരിന് ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമാണ്. കൊവിഡ് വരുത്തിവച്ച ഭീമമായ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കാരണം.
എന്നാൽ നികുതിയിനത്തിൽ ഇളവ് നൽകാതെ തന്നെ രാജ്യത്തെ പെട്രോൾ ഡീസൽ വില പിടിച്ചുക്കെട്ടാനുള്ള ഒരു വഴി ഇപ്പോൾ കേന്ദ്ര സക്കാരിന് മുന്നിൽ തെളിഞ്ഞിരിക്കുകയാണ്. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുമ്പോൾ റഷ്യ ഇന്ത്യക്ക് കുറഞ്ഞ നിരക്കിൽ എണ്ണ നൽകാമെന്ന വാഗ്ദാനം നൽകിയിരിക്കുകയാണ്. യുക്രെയിനിൽ റഷ്യ നടത്തിയ അധിനിവേശത്തെ തുടർന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെയുള്ള നിരവധി രാഷ്ട്രങ്ങൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.
ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും ബ്രിട്ടൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളുടെ അവസ്ഥ അതല്ല. നിലവിൽ റഷ്യയുടെ ബ്രെന്റ് ഓയിൽ 25 മുതൽ 27 ശതമാനം വരെ വിലകിഴിവിൽ ഇന്ത്യക്ക് നൽകാമെന്നതാണ് റഷ്യ നൽകുന്ന വാഗ്ദാനം. എന്നാൽ ഇന്ത്യയെ ചുറ്റിക്കുന്നത് മറ്റൊരു കാര്യമാണ്. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം നിലനിൽക്കുന്നിടത്തോളം റഷ്യയുമായി പുതിയൊരു കരാറിൽ ഏർപ്പെടുന്നത് അമേരിക്കയുടെ വിദ്വേഷം പിടിച്ചുപറ്റുമോ എന്ന് ഇന്ത്യ ഭയക്കുന്നുണ്ട്. അതിനാൽ തന്നെ റഷ്യയുമായി കരാറിൽ ഏർപ്പെടുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ്.