ചൈനയിൽ വീണ്ടും വൻ കൊവിഡ് വ‍ർധന, നഗരങ്ങളിൽ ലോക്ക്ഡൗൺ, സ്കൂളുകളടച്ചു

0
397

ബീജിംഗ്: ചൈനയിൽ വീണ്ടും കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ ദിവസം മാത്രം 3400 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്. വടക്കു പടിഞ്ഞാറൻ പ്രവിശ്യകളിലെ നഗരങ്ങളിൽ ചൈന വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

രണ്ട് വർഷത്തിനിടെ ചൈനയിലെ ഏറ്റവും ഉയർന്ന കൊവിഡ് പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഗ്രാമ, നഗര മേഖലകളിൽ ഒരു പോലെ വൈറസ് പടർന്നതോടെ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കി. ഷാങ്ഹായ് പ്രവിശ്യയിലെ സ്കൂളുകൾ അടച്ചു പൂട്ടി. ജിലിൻ അടക്കം നിരവധി നഗരങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്ക് പടിഞ്ഞാറൻ മേഖലകളിലാണ് കൊവിഡ് കൂടുതലായി പടരുന്നത്. 19 പ്രവിശ്യകളിലാണ് നിയന്ത്രണങ്ങൾ. ഷെൻഹെൻ പ്രവിശ്യയിലെ 9 ജില്ലകളിൽ നിയന്ത്രണങ്ങളുണ്ട്. ഒരു ലക്ഷത്തോളം പേർ താമസിക്കുന്ന യാൻജി പ്രാദേശിക നഗരം പൂർണ്ണമായും പൂട്ടി. വടക്ക് കൊറിയയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്.

വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ വൻ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ചൈനീസ് ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങളാണ് കൂടുതലായി പടരുന്നത്. ഒമിക്രോണിന്‍റെ അതി വ്യാപന ശേഷിയാണ് വലിയ ആശങ്ക. പരിശോധനയും നിയന്ത്രണവും ശക്തമാക്കി പുതിയ വ്യാപനത്തെ പ്രതിരോധിക്കാനാണ് ചെനയുടെ നീക്കം. ഇതിനായി രോഗ വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ താത്കാലിക ആശുപത്രി അടക്കം സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ ആരോഗ്യ പ്രവർത്തകരെ ഈ മേഖലകളിൽ വിന്യസിക്കും. ചുമതലകളിൽ വീഴ്ചവരുത്തിയെന്നാരോപിച്ച് 9 ആരോഗ്യ പ്രവർത്തകരെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. കൊവിഡ് നാലാം തരംഗത്തിലേക്ക് അതിവേഗം അടുക്കുന്നോ എന്നാണ് ലോക ആരോഗ്യ മേഖലയുടെ ആശങ്ക.

ചാങ്ചുൻ എന്ന നഗരം പൂർണമായും ലോക്ക്ഡൗണിലാണ്. 90 ലക്ഷം പേരെങ്കിലും താമസിക്കുന്ന ഈ നഗരം ലോക്ക്ഡൗണിലുള്ള ഏറ്റവും വലിയ നഗരമാണ്. ഒമിക്രോൺ അതിവേഗം പടരുന്ന സാഹചര്യത്തിൽ കൊവിഡ് സെൽഫ് ടെസ്റ്റിംഗ് നടത്താൻ പൊതുജനങ്ങൾക്ക് അനുമതി നൽകുകയാണ് ചൈനീസ് പ്രവിശ്യാഭരണകൂടങ്ങൾ. പൊതു ആരോഗ്യസംവിധാനത്തിന് ടെസ്റ്റിംഗിന്‍റെ പേരിൽ നേരിടേണ്ടി വരുന്ന അധികഭാരം ഒഴിവാക്കുകയാണ് ലക്ഷ്യം.

ഹോങ്കോങാണ് അതിവേഗം കൊവിഡ് പടരുന്ന മറ്റൊരു നഗരം. അഞ്ചാം തരംഗമാണ് അവിടെ ഇപ്പോഴെന്നാണ് വിലയിരുത്തൽ. ഇതുവരെയുള്ളതിൽ ഏറ്റവും മോശം കാലം. 2021 അവസാനമാസങ്ങളിൽ ഹോങ്കോങിൽ അഞ്ച് ലക്ഷം കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മരണസംഖ്യയാകട്ടെ 3000- ആയി ഉയരുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here