കൊച്ചി: ആന്ധ്രയിലും ഒഡിഷയിലും കഞ്ചാവ് വിളവെടുപ്പിന് പിന്നാലെ വില്പന സീസണിന് തുടക്കമായതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാന എക്‌സൈസ്. കിലോയ്ക്ക് 2,000 രൂപയെന്ന നിരക്കിന്മേൽ 50 ശതമാനം വരെ ഡിസ്‌കൗണ്ടിൽ അന്യസംസ്ഥാനങ്ങളിൽ വിറ്രഴിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളും അവസരം മുതലെടുത്ത് കഞ്ചാവ് കടത്തുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികളുള്ള പെരുമ്പാവൂരിൽ രണ്ടാഴ്ചക്കിടെ മാത്രം 30 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
കഞ്ചാവിന്റെ ഒഴുക്കു തടയാൻ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സുമായി ചേർന്ന് എക്‌സൈസ് പ്രത്യേകം ‘ഓപ്പറേഷൻ’ തയ്യാറാക്കിയിട്ടുണ്ട്. ട്രെയിൻ മുതൽ ബൈക്ക് വരെയുള്ള വാഹനങ്ങൾ അതിർത്തിയിലടക്കം പരിശോധനയ്ക്ക് വിധേയമാക്കും. കഞ്ചാവ് കടത്തുന്നവരെ പിടികൂടാൻ ഷാഡോ, ഇന്റലിജൻസ്, സ്‌പെഷ്യൽ ടീം എന്നിങ്ങനെ എല്ലാ സംഘങ്ങളെയും അണിനിരത്തിയിട്ടുണ്ട്.
മൊത്തക്കച്ചവട കേന്ദ്രങ്ങൾ
ആന്ധാപ്രദേശ്: വിശാഖപട്ടണം, പഠേരു, തൂണി, ശ്രീകാകുളം, കരീംനഗർ.
ഒഡിഷ: ബ്രഹ്മപൂർ, റായ്ഗഡ്, മോഹന, ജഗപതി.
ആറ് മാസം കൃഷി, പിന്നെ വിറ്റഴിക്കൽ
ജൂൺ ജൂലായ് മാസങ്ങളിൽ കൃഷിയിറക്കി ഡിസംബർ ജനുവരി മാസങ്ങളിലായാണ് വിളവെടുക്കുന്നത്. ജനുവരി മുതൽ ഉണക്കി സൂക്ഷിക്കും. പിന്നെ വിറ്റഴിക്കൽ സീസണാണ്. ഇടുക്കിയിൽ പരിശോധന കടുപ്പിച്ചതിന് പിന്നാലെ കളംവിട്ട രാജാക്കാട്, അടിമാലി, കോതമംഗലം സ്വദേശികളാണ് ആന്ധ്രയിലെയും ഒഡിഷയിലെയും കൃഷിക്കാരും മുഖ്യജോലിക്കാരും.