ദുബൈ: യുക്രെയ്നിലെ യുദ്ധവും എണ്ണവിലയുടെ കുതിപ്പും മൂലം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ ഇന്ത്യൻ രൂപ. തിങ്കളാഴ്ച ഒരു ദിർഹമിന് 21 രൂപയാണ് വിനിമയനിരക്ക്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം 21 ദിർഹമിലെത്തിനിൽക്കുന്നത്. ഇതുവരെ 20.88 ആയിരുന്നു ഉയർന്ന വിനിമയനിരക്ക്.
ഞായറാഴ്ച 20.81 എന്ന നിലയിൽനിന്ന് 19 പൈസയാണ് മണിക്കൂറുകൾക്കുള്ളിൽ ഉയർന്നത്. 21ൽനിന്ന് പിന്നീട് 20.92 എന്ന നിലയിലേക്ക് താഴുകയും ചെയ്തു. ഇന്‍റർനെറ്റ് ബാങ്ക് വഴി പണം അയച്ചവർക്ക് ദിർഹമിന് 20.86 രൂപ വരെ ലഭിച്ചു. പ്രവാസികൾക്ക് ശമ്പളം കിട്ടിയ സമയമായതിനാൽ പരമാവധി ആളുകൾ കഴിഞ്ഞ ദിവസങ്ങളിലായി പണം അയച്ചിരുന്നു.
എക്സ്ചേഞ്ചുകളിൽ പണം അയക്കാൻ തിരക്കേറിയതായും എക്സ്ചേഞ്ച് അധികൃതർ വ്യക്തമാക്കി. സർക്കാറും റിസർവ് ബാങ്കും ഇടപെട്ടില്ലെങ്കിൽ രൂപയുടെ മൂല്യം ഇനിയും ഇടിയാൻ സാധ്യതയുണ്ട്.