ഹിജാബ് ധരിച്ച് പരീക്ഷയെഴുതുന്നത് തടയാനെത്തിയ സംഘപരിവാർ പ്രവർത്തകരെ ചോദ്യം ചെയ്ത് വിദ്യാർഥിനി. ”തന്റെ അച്ഛന്റെതാണോ കോളജ്?” എന്നായിരുന്നു പെൺകുട്ടിയുടെ ചോദ്യം. ദക്ഷിണ കന്നഡ ജില്ലയിൽ മംഗളൂരുവിലെ പി.ദയാനന്ദ പൈ കോളജിലാണ് സംഭവം.
ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ദയാനന്ദ പൈ കോളജിലും പി.സതീഷ് പൈ ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളജിലുമാണ് സംഘർഷമുണ്ടായത്. ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ രണ്ട് കോളജുകളിലെയും പ്രിൻസിപ്പൽമാർ അനുമതി നൽകിയിരുന്നു. എന്നാൽ ഹിജാബ് ധരിച്ച് പരീക്ഷയെഴുതിയ പെൺകുട്ടികളെ പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാർ പ്രവർത്തകർ സംഘടിച്ചെത്തുകയായിരുന്നു.
തുടർന്ന് വിദ്യാർഥികളും സംഘ്പരിവാർ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. തുടർന്ന് പ്രിൻസിപ്പൽമാരുടെ നേതൃത്വത്തിൽ സമാധാനയോഗം നടത്തി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറഞ്ഞു.