യു.എ.ഇ തടവറയില്‍ കഴിയുന്ന ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ ഇടപെടണം; സാദിഖലി ശിഹാബ് തങ്ങളോട് അഭ്യര്‍ത്ഥനയുമായി കൊടുവള്ളി സ്വദേശിയുടെ കുടുംബം

0
313

സങ്കടക്കണ്ണീരുമായി കൊടപ്പനക്കല്‍ തറവാട്ടിലെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വീടിന്റെ ഉമ്മറപ്പടിയിലേക്ക് നാല് കുട്ടികളെയുമായി കൊടുവള്ളി കരീറ്റിപ്പറമ്പ് സ്വദേശി ലിസയും മാതാപിതാക്കളും കുടുംബവും കടന്നുവന്നപ്പോള്‍ വികാര നിര്‍ഭരമായ അന്തരീക്ഷത്തിനാണ് ആ നിമിഷം സാക്ഷിയായത്. തങ്ങളുടെ സങ്കടം കേള്‍ക്കാന്‍ പാണക്കാട് കുടുംബമുണ്ടാകുമെന്ന ധൈര്യമായിരുന്നു ആ കുടുംബത്തിനുണ്ടായിരുന്നത്. തമിഴ്‌നാട് റാണിപ്പെട്ട് സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് യുഎഇയിലെ ഫുജൈറ കല്‍ബ ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് ഷിജുവിന്റെ മോചനത്തിനായി ഇടപെടണം എന്നാവശ്യപ്പെട്ടായിരുന്നു കുടുംബം കൊടപ്പനക്കല്‍ എത്തിയത്. 2021 മാര്‍ച്ച് 20 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ദുബൈയില്‍ അല്‍ സുല്‍ത്താന്‍ ഇളക്ട്രോ മെക്കാനിക്കലില്‍ എ.സി മെക്കാനിക്കായി ആറ് വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു ഷിജു.

സംഭവദിവസം ഷിജുവും മരണപ്പെട്ട തമിഴ്‌നാട് വെല്ലൂര്‍ റാണിപ്പട്ട സ്വദേശി അരവിന്ദനും ജോലിസ്ഥലത്തെ മറ്റൊരു അനുബന്ധ ഇലക്ട്രിക്ക് പ്രവര്‍ത്തി ചെയ്യുകയായിരുന്നു.ഇതിനിടെ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ എടുക്കാന്‍ ഷിജു വെയര്‍ ഹൗസില്‍ പോയി തിരികെ വന്നപ്പോള്‍ കൂടെ പ്രവര്‍ത്തിച്ചിരുന്ന തമിഴ്‌നാട് റാണിപ്പെട്ട് സ്വദേശി അരവിന്ദന്‍ മരിച്ചു കിടക്കുന്നതാണ് കാണുന്നത്. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അറ്റാക്ക് വന്ന് മരണപ്പെട്ടു എന്നാണ് രേഖപ്പെടുത്തിയതെങ്കിലും ഷിജുവിന്റെ കാരണത്താല്‍ ഷോക്കേറ്റ് മരണപ്പെട്ടതാണെന്ന കുറ്റം ചുമത്തി എഫ്‌ഐആര്‍ രേഖപ്പെടുത്തി.

ഷിജു പ്രവര്‍ത്തിച്ചു വന്നിരുന്ന കമ്പനിക്ക് ഇന്‍ഷൂറന്‍സ് ഇല്ലാതിരുന്നതിനാല്‍ രക്ഷപ്പെടുത്താനെന്ന വ്യാജേനെ മുഴുവന്‍ കുറ്റങ്ങളും ഷിജുവിന്റെ തലയില്‍ കെട്ടിവെച്ച് കമ്പനി ഷിജുവിനെ കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.കേസിന്റെ കാര്യങ്ങള്‍ക്കെന്ന് പറഞ്ഞ് ഷിജുവിനെ കൊണ്ട് നിരവധി രേഖകളില്‍ ഒപ്പ് വെപ്പിച്ചു. പിന്നീടാണ് തന്റെ കുറ്റസമ്മത മൊഴിയായിരുന്നു ഇവയെന്ന് ഷിജു മനസ്സിലാക്കുന്നത്.ഇതേതുടര്‍ന്ന് ഒരു വര്‍ഷത്തോളമായി കേസ് നടത്തുകയും ഒരു മാസത്തോളമായി ജയിലില്‍ കഴിയുകയുമാണ്.

മോചനത്തിനായി യൂഎഇ സുപ്രീം കോടതി 2 ലക്ഷം ദിര്‍ഹം ബ്ലഡ് മണി നല്‍കണമെന്ന് വിധിച്ചു.കമ്പനിയുമായി കെഎംസിസി നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും ബന്ധപ്പെട്ടപ്പോള്‍ രണ്ട് ലക്ഷം ദിര്‍ഹം കമ്പനി വഹിക്കാമെന്നേറ്റിരിരുന്നു.പിന്നീട് തമിഴ്‌നാട്ടിലെ മരണപ്പെട്ട ആളിന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം കുറക്കാന്‍ ഷിജുവിന്റെ കുടുംബത്തോട് കമ്പനി ആവശ്യപ്പെട്ടു. അതുപ്രകാരം 20000 ദിര്‍ഹം കുടുംബം കുറച്ചു തരികയും ചെയ്തു.എന്നാല്‍ സെറ്റില്‍മെന്റ് വൈകിയതിനാല്‍ ഷിജു ജയിലിലായി. ഇതിനിടെ കമ്പനിക്ക് ഇന്‍ഷൂറന്‍സ് ഇല്ല എന്ന് മനസ്സിലാക്കിയ മരണപ്പെട്ടയാളുടെ അഭിഭാഷകര്‍ നഷ്ടപരിഹാരം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ടു.എന്നാല്‍ തമിഴ്‌നാട്ടിലെ ബന്ധുക്കള്‍ പവര്‍ ഓഫ് ആറ്റോര്‍ണി പിന്‍വലിച്ചെങ്കില്‍ മാത്രമേ നഷ്ടപരിഹാരം നല്‍കുകയുള്ളു എന്ന് കമ്പനി പുതിയ നിര്‍ദേശം വെച്ചതോടെ മോചനം പ്രതിസന്ധിയിലായി.

ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് സാദിഖലി തങ്ങള്‍ക്കരികില്‍ ലിസയും ബന്ധുക്കളും എത്തുന്നത്.എങ്ങിനെയെങ്കിലും തങ്ങളുടെ മകനെ രക്ഷിക്കണമെന്ന് കരഞ്ഞു കൈകള്‍ കൂപ്പി ഷിജുവിന്റെ മാതാപിതാക്കള്‍ സാദിഖലി തങ്ങളോടാവശ്യപ്പെട്ടപ്പോള്‍ കണ്ടുനിന്നവരുടെയെല്ലാം കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. സങ്കടക്കടലില്‍ നില്‍ക്കുകയായിരുന്ന കുടുംബത്തോട് മോചനത്തിനായുള്ള ശ്രമങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലും ദുബായിലും ഇടപെടല്‍ നടത്തുമെന്നും ബന്ധപ്പെട്ടവരെ സമീപിക്കുമെന്നും തങ്ങള്‍ ഉറപ്പുനല്‍കി. നൂറുകണക്കിന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി പാണക്കാട്ടെ പൂമുഖത്തെത്തുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന പാണക്കാട് കുടുംബത്തിന് മുന്നില്‍ സങ്കടം പറയാനെത്തിയ ഷിജുവിന്റെ മാതാപിതാക്കള്‍ക്കും ഭാര്യക്കും കുട്ടികള്‍ക്കും പ്രതീക്ഷയുടെ വാക്കുകളായിരുന്നു അത്.

LEAVE A REPLY

Please enter your comment!
Please enter your name here