‘മെഹനാസ് പണം മൊത്തം ചെലവഴിച്ചു, ഫോണ്‍ പോലും നല്‍കിയില്ല’; റിഫയുടെ മരണത്തിന് പിന്നിലെന്ത്?

0
437

കോഴിക്കോട്∙ യുട്യൂബറും വ്ളോഗറുമായി റിഫ മെഹനുവിന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇൻസ്റ്റഗ്രാമിലും യു ട്യൂബിലും സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ടായിരുന്ന കോഴിക്കോട് ബാലുശ്ശേരി സ്വദേശി റിഫ മെഹനുവിനെ കഴിഞ്ഞ ദിവസമാണു ദുബായിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ നിന്നു കോഴിക്കോട്ട് എത്തിച്ച മൃതദേഹം വ്യാഴാഴ്ച കബറടക്കി.  തലേ ദിവസം വരെ സോഷ്യൽ മീഡിയയിൽ സജീവമായി നിന്നിരുന്ന റിഫയുടെ അപ്രതീക്ഷിത ആത്മഹത്യയുടെ കാരണം അന്വേഷിക്കുകയാണ് ആരാധകർ

ആരാധകർ ഏറെയുള്ള സെലിബ്രിറ്റി

ഇൻസ്റ്റഗ്രാം വഴിയാണ് റിഫയും കാസർകോട് നീലശ്വരം സ്വദേശിയായ മെഹനാസും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലായി. മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹിതരായി. എന്നാൽ ബന്ധുക്കളിൽ പലർക്കും അന്നേ വിവാഹത്തിന് എതിർപ്പായിരുന്നെന്നു ബന്ധു പറയുന്നു. 18 വയസ് കഴിഞ്ഞ ഉടനെയായിരുന്നു റിഫയുടെ വിവാഹം. ഒന്നര വയസ്സുള്ള മകനുണ്ട്. ഇരുവരും ഒന്നിച്ചുള്ള വിഡിയോ ആൽബം, പ്രമോഷൻ വിഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ടായിരുന്നു. 3 മാസം മുൻപാണ് ഇരുവരും സന്ദർശക വീസയിൽ ദുബായിലെത്തിയത്. ഇടയ്ക്ക് കുഞ്ഞിനെ നാട്ടിലാക്കാൻ റിഫ തനിച്ചു വന്നു. കുഞ്ഞിനെ മാതാപിതാക്കളെ ഏൽപ്പിച്ചു തിരിച്ചു പോയി. മരണത്തിന്റെ തലേദിവസം മകനെയും മാതാപിതാക്കളെയും വിളിച്ചു സംസാരിച്ചതിനു ശേഷമാണ് റിഫ ആത്മഹത്യചെയ്തത്.

rifa

താരപ്പകിട്ടുള്ള സോഷ്യൽ മീഡിയ  ജീവിതം, പകിട്ടില്ലാത്ത യാഥാർഥ്യം

റിഫയുടെ ബന്ധുക്കൾ നൽകുന്ന വിവരമനുസരിച്ച് റിഫയും ഭർത്താവ് മെഹനാസും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന സൂചനകളാണു ബന്ധുക്കൾ നൽകുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ പകിട്ടോടെയാണു റിഫയും മെഹനാസും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും യഥാർഥ ജീവിതം അങ്ങനെ അല്ലായിരുന്നു. സ്വന്തമായി വീടില്ലാത്ത റിഫയും കുടുംബവും ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം. സ്വന്തമായി ഒരു വീടുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു റിഫ ദുബായിലെത്തിയത്. ഭർത്താവ് മെഹനാസിനും ജോലിയുണ്ടായിരുന്നില്ല. ജോലി കണ്ടെത്താനാണ് ഇരുവരും ചേർന്നു 3 മാസം മുൻപ് സന്ദർശക വിസയിലെത്തിയത്. ഇതിനിടയിൽ റിഫയ്ക്ക് പർദ കടയിൽ ജോലി ശരിയായി. എന്നാൽ ജോലി ശരിയാകാതിരുന്ന മെഹനാസിന്റെ വീസ കാലാവധി അവസാനിക്കാറായിരുന്നു. തുടർന്നു നാട്ടിലേക്കു മടങ്ങുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ  സംസാരമുണ്ടായതായും ബന്ധുക്കൾ പറയുന്നു.

ഇരുവരും തമ്മിലുള്ള വീഡിയോകളിൽ വലിയ ഐക്യമുണ്ടായിരുന്നെങ്കിലും യഥാർഥ ജീവിതം അങ്ങനെയല്ലെന്നാണു ബന്ധുക്കൾ നൽകുന്ന സൂചനകൾ. റിഫയ്ക്കു സോഷ്യൽ മീഡിയ പ്രമോഷനൽ വിഡിയോകൾ വഴി വരുമാനം ലഭിച്ചിരുന്നു. ഈ പണമെല്ലാം മെഹനാസാണ് ചെലവാക്കിയിരുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഇതേ ചൊല്ലി ഇരുവർക്കുമിടയിൽ അസ്വസ്ഥതകൾ ഉണ്ടായിരുന്നതായും പറയുന്നു. റിഫയുടെ ഫോൺ പോലും മെഹനാസിന്റെ കൈവശമായിരുന്നു എന്നാണു വിവരം. തലേദിവസം റിഫ വീട്ടിലേക്കു ഫോൺ ചെയ്തത് കടയിൽ നിന്നുള്ള ഫോണിലാണ്. റിഫയെ വിളിക്കണമെങ്കിൽ മെഹനാസിന്റെ ഫോണിൽ വിളിക്കണമെന്നാണ് ബന്ധുക്കൾ പറയുന്നത്.

സംഭവ ദിവസം റിഫ ജോലിയുമായി ബന്ധപ്പെട്ട് രാത്രി വിരുന്നിനു പോയിരുന്നു. തിരിച്ചെത്താൻ വൈകുമെന്നു ഭർത്താവിനെ അറിയിച്ചിരുന്നു. പിന്നീട് കൂട്ടുകാർക്കൊപ്പം പുറത്തു പോയ ഭർത്താവ് മെഹനാസ് തിരിച്ചെത്തുമ്പോഴാണ് റിഫ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സന്ദർശക വീസ തീർന്ന മെഹനാസ് റിഫയെയും നാട്ടിലേക്കു തിരിച്ചു വരാൻ നിർബന്ധിച്ചതിന്റെ മാനസിക സമ്മർദമുണ്ടായിരുന്നെന്നു ബന്ധുക്കൾ പറയുന്നു. മരണ ശേഷം മെഹനാസ് ഇതു വിവരിക്കുന്നതു വിഡിയോ സ്റ്റോറി ആയി പോസ്റ്റ് ചെയ്തിരുന്നെങ്കിലും പൊലീസ് ഇടപെട്ടു വിഡിയോ ഡിലീറ്റ് ചെയ്യിക്കുകയായിരുന്നു.

rifa-mehnu-2

ദുബായിൽ പരാതി നൽകുമെന്ന് ബന്ധു

റിഫയുടെ മരണകാരണം പുറത്തു കൊണ്ടു വരാൻ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ടു ദുബായിൽ പരാതി നൽകുമെന്ന് ബന്ധുവായ കമാൽ പറഞ്ഞു. ഒരു മാസം മുൻപാണ് റിഫ ദുബായിലേക്കു തിരിച്ചു  പോയത്. നല്ല രീതിയിലാണു കാര്യങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരുന്നത് എന്താണു മരിക്കാൻ കാരണമെന്നുള്ളതു പുറത്തു വരണം. വിവാഹമൊക്കെ നല്ല രീതിയിൽ തന്നെയാണ്. ഇവിടെ അന്വേഷിച്ചിട്ടു കാര്യമില്ലെന്നു പൊലീസ് പറഞ്ഞു. കെഎംസിസിയുമായി ബന്ധപ്പെട്ട് അവിടെ പരാതി നൽകാനാണ് തീരുമാനമെന്നും കമാൽ പറഞ്ഞു.

കബറടക്ക സമയത്തും യുട്യൂബർമാരുടെ തള്ളിക്കയറ്റം

റിഫയുടെ കബറടക്കത്തിന്റെയോ മൃതദേഹത്തിന്റെയോ ചിത്രങ്ങളോ വിഡിയോയോ പകർത്താൻ ബന്ധുക്കൾ ആരെയും അനുവദിച്ചിരുന്നില്ല. എന്നാൽ ചിലർ ബട്ടൺ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് വാക്കേറ്റത്തിനിടയാക്കിയിരുന്നു. മെഹനാസിന്റെ ബന്ധുക്കൾ രാവിലെ കബറടക്ക ചടങ്ങിനെത്തിയിരുന്നെങ്കിലും ഇരുകുടുംബങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടർന്ന് മെഹനാസും കുടുംബവും കാസർകോട്ടേക്കു മടങ്ങുകയായിരുന്നു. ഉമ്മ അകാലത്തിൽ യാത്രയായതോടെ റിഫയുടെ മാതാപിതാക്കൾക്കൊപ്പമാണ് രണ്ട് വയസ് തികഞ്ഞിട്ടില്ലാത്ത കുഞ്ഞ് ഇപ്പോഴുള്ളത്. തിളങ്ങുന്ന മായാലോകം ബാക്കി വെച്ച ഒട്ടും നിറപ്പകിട്ടില്ലാത്ത യാഥാർഥ്യമാണത്.

LEAVE A REPLY

Please enter your comment!
Please enter your name here