വാഷിംഗ്ടണ്‍: റഷ്യ തങ്ങളുടെ രാജ്യത്ത് വാക്വം ബോംബ് ഉപയോഗിച്ചു എന്ന ആരോപണവുമായി ഉക്രൈന്‍. യു.എസ് കോണ്‍ഗ്രസ് അംഗങ്ങളോട് സഹായത്തിനായി അഭ്യര്‍ത്ഥിക്കവേ ഉക്രൈന്റെ യു.എസ് അംബാസിഡറായ ഒക്‌സാന മാര്‍ക്കറോവയാണ് ഇക്കാര്യം പറഞ്ഞത്.
‘ഇന്നവര്‍ വാക്വം ബോംബ് ഉപയോഗിച്ചു. റഷ്യ ഉക്രൈനില്‍ വരുത്താന്‍ ശ്രമിക്കുന്ന നാശം വളരെ വലുതാണ്,’ മര്‍ക്കറോവ പറഞ്ഞു.
ചുറ്റുമുള്ള വായുവില്‍ നിന്ന് ഓക്‌സിജന്‍ വലിച്ചെടുത്ത് ഉയര്‍ന്ന ഊഷ്മാവില്‍ സ്‌ഫോടനം സൃഷ്ടിക്കാന്‍ ഒരു വാക്വം ബോംബിനാവും. വാക്വം ബോംബ് സ്‌ഫോടനമുണ്ടായാല്‍ സാധാരണ സ്‌ഫോടനാത്മകതയേക്കാള്‍ ദൈര്‍ഘ്യമുള്ള ഒരു സ്‌ഫോടന തരംഗം ഉണ്ടാവുകയും സ്‌ഫോടന പരിധിയിലുള്ള മനുഷ്യശരീരങ്ങളെ ബാഷ്പീകരിക്കുകയും ചെയ്യുന്നു.
ഉക്രൈനിലെ സംഘര്‍ഷത്തില്‍ തെര്‍മോബാറിക് ആയുധങ്ങള്‍ ഉപയോഗിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ശനിയാഴ്ച ഉക്രേനിയന്‍ അതിര്‍ത്തിക്ക് സമീപം ഒരു റഷ്യന്‍ തെര്‍മോബാറിക് മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തിയതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിപ്പോര്‍ട്ടുകള്‍ കണ്ടെങ്കിലും റഷ്യ ഇത്തരം ആയുധങ്ങള്‍ ഉപയോഗിച്ചതായി സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. ”റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍, റഷ്യ ഒരു വാര്‍ ക്രൈം ആണ് നടത്തിയിരിക്കുന്നത്. അതിനെ പറ്റി പരിശോധിക്കാന്‍ അന്താരാഷ്ട്ര സംഘടനകളും പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടവുമുണ്ട്,’ മാധ്യമങ്ങളോട് സംസാരിക്കവേ അവര്‍ പറഞ്ഞു.
എന്നാല്‍ ഇതിനെ പറ്റി പ്രതികരിക്കാന്‍ വാഷിംഗ്ടണ്ണിലെ റഷ്യന്‍ എംബസി തയാറായിട്ടില്ല. കൂടുതല്‍ ആയുധങ്ങള്‍ക്കായി ബൈഡന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് മര്‍ക്കറോവ പറഞ്ഞു.
റഷ്യന്‍ സൈന്യം വ്യാപകമായി നിരോധിക്കപ്പെട്ട ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷണലും ഹ്യൂമന്‍ റൈറ്റ്സ് വാച്ചും പറഞ്ഞു. സാധാരണക്കാര്‍ അഭയം പ്രാപിച്ച വടക്കുകിഴക്കന്‍ ഉക്രൈനിലെ ഒരു പ്രീസ്‌കൂളില്‍ റഷ്യ ആക്രമണം നടത്തിയതായും ആംനസ്റ്റി ആരോപിച്ചു.
വാക്വം ബോംബ് പോലെയുള്ള ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഇന്റര്‍നാഷണല്‍ ഹ്യുമാനിട്ടേറിയന്‍ നിയമത്തിന്റെ ലംഘനമാണെന്നും സാധാരണക്കാരെ കൊല്ലുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്നത് വാര്‍ ക്രൈമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.