മോസ്കോ: യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കെതിരെ കടുത്ത നടപടികളുമായി അന്താരാഷ്ട്ര ഫുട്ബാൾ അസോസിയേഷനായ ഫിഫ. റഷ്യയിൽ നടക്കേണ്ടിയിരുന്ന എല്ലാ ഫുട്ബാൾ മത്സരങ്ങളും റദ്ദാക്കിയതിന് പുറമേ വിദേശങ്ങളിൽ റഷ്യൻ ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങളിൽ റഷ്യയുടെ പതാകയോ ദേശീയ ഗാനമോ ഇനി മുതൽ ഉണ്ടാകില്ലെന്ന് ഫിഫ അറിയിച്ചു. ഇതു കൂടാതെ റഷ്യയുടെ ദേശീയ ടീം ഇനി മുതൽ ഫുട്ബാൾ യൂണിയൻ ഒഫ് റഷ്യ എന്നായിരിക്കും അറിയപ്പെടുക. ഈ ടീം പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളും ഇനി മുതൽ നിഷ്പക്ഷ വേദിയിൽ വച്ചായിരിക്കും നടക്കും. ഈ മത്സരങ്ങൾക്ക് കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല.
ഫിഫ അംഗങ്ങളായ നിരവധി രാഷ്ട്രങ്ങൾ റഷ്യയിൽ മത്സരങ്ങൾ കളിക്കാൻ വിമുഖത പ്രകടിപ്പിച്ചതിനാലാണ് ഇത്തരത്തിലുള്ള കടുത്ത തീരുമാനങ്ങളുമായി എത്തിയിരിക്കുന്നത്. പോളണ്ട്. ചെക്ക് റിപ്പബ്ളിക്ക്, സ്വീഡൻ എന്നീ ടീമുകൾ ഇതിനോടകം തന്നെ അടുത്ത മാസം റഷ്യയിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ടീമിനെ അയയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.യുക്രെയിനിൽ ബലം പ്രയോഗിച്ച് കടന്നുകയറിയ റഷ്യയുടെ നടപടിയെ ഫിഫ അപലപിക്കുന്നെന്ന് അസോസിയേഷന്റെ പത്രകുറിപ്പിൽ പറയുന്നു.
അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി കഴിഞ്ഞ ദിവസം എല്ലാ അന്താരാഷ്ട്ര കായിക സംഘടനകളോടും റഷ്യയിലും ബലാറസിലും നടക്കുന്ന എല്ലാ മത്സരങ്ങളും മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ബലാറസ് വഴിയാണ് റഷ്യൻ സേന യുക്രെയിനിലേക്ക് പ്രവേശിച്ചതെന്നതിനാലാണ് ബലാറസിലെ മത്സരങ്ങളും മാറ്റിവയ്ക്കാൻ ഐ ഒ സി ആവശ്യപ്പെട്ടത്.