ബെന്‍ഫിക്ക: യുക്രൈന് മേലുള്ള റഷ്യയുടെ അധിനിവേശത്തിനെതിരെ കായിക ലോകത്തും പ്രതിഷേധം പുകയുകയാണ്. വിവിധ ഫുട്ബോള്‍ ലീഗുകളില്‍ കണ്ട പ്രതിഷേധം പോര്‍ച്ചുഗീസ് ലീഗിലും ഇന്നലെ ആരാധകര്‍ കണ്ടു. ബെന്‍ഫിക്കയ്‌ക്കായി കളിക്കുന്ന യുക്രൈന്‍ താരത്തെ എഴുന്നേറ്റുനിന്ന് കയ്യടികളോടെ മൈതാനത്തേക്ക് സ്വാഗതം ചെയ്യുകയായിരുന്നു ആരാധകര്‍. ആരാധകരുടെ സ്‌നേഹം കണ്ട് റൊമാന്‍ യാരെംചുക് കണ്ണുനിറയുന്നതിന്‍റെ മൈതാനം സാക്ഷിയായി.
കണ്ണീരണിഞ്ഞ് യാരെംചുക്
ഞായറാഴ്‌ച വിറ്റോറിയക്കെതിരായ മത്സരത്തില്‍ ബെന്‍ഫിക്കയുടെ യുക്രൈന്‍ സ്‌ട്രൈക്കര്‍ റൊമാന്‍ യാരെംചുക് (Roman Yaremchuk) സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലെത്തിയപ്പോള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് ആരാധകര്‍ സ്വീകരിച്ചത്. ടീം ക്യാപ്റ്റന്‍റെ ആം ബാന്‍ഡ് റൊമാനെ അണിയിക്കുകയും ചെയ്‌തു. പകരക്കാരന്‍റെ ബഞ്ചില്‍ നിന്ന് 62-ാം മിനുറ്റിലാണ് താരം മൈതാനത്തെത്തിയത്. ബെന്‍ഫിക്ക ആരാധകരുടെ സ്‌നേഹത്തില്‍ റൊമാന്‍ യാരെംചുക് കണ്ണീരണിയുന്നത് വീഡിയോയില്‍ കാണാം. മത്സരത്തിനിടെ ആരാധകര്‍ റൊമാന്‍ യാരെംചുക്കിന് സ്റ്റാന്‍ഡിംഗ് ഓവോഷന്‍ നല്‍കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മത്സരത്തില്‍ വിറ്റോറിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് ബെന്‍ഫിക്ക തോല്‍പിച്ചു.
യുക്രൈനായി 36 മത്സരങ്ങളില്‍ 12 ഗോളുകള്‍ നേടിയ താരമായ 26കാരന്‍ റൊമാന്‍ യാരെംചുക് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയിലെത്തിയത്. 31 മത്സരങ്ങളില്‍ എട്ട് ഗോളുകള്‍ ക്ലബിനായി വലയിലെത്തിച്ചു.
മൈതാനത്ത് ഒറ്റപ്പെട്ട് റഷ്യ
യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ഫുട്ബോളില്‍ റഷ്യ ഒറ്റപ്പെടുകയാണ്. റഷ്യക്കെതിരെ ഫിഫ ഉപരോധം ഏർപ്പെടുത്തി. റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കില്ല. റഷ്യയെന്ന പേരില്‍ മത്സരിക്കാനാകില്ല. റഷ്യൻ പതാകയും ദേശീയ ഗാനവും അനുവദിക്കില്ല. പകരം റഷ്യൻ ഫുട്ബോൾ യൂണിയൻ എന്ന പേരിൽ വേണമെങ്കിൽ കളത്തിലിറങ്ങാമെന്നു ഫിഫ വ്യക്തമാക്കി. എന്നാൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽനിന്ന് റഷ്യയെ മാറ്റിനിർത്തണമെന്ന പോളണ്ടിന്‍റെയും സ്വീഡന്‍റെയും ആവശ്യം ഫിഫ അംഗീകരിച്ചില്ല.
റഷ്യയുമായുള്ള ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ പോരാട്ടത്തില്‍ നിന്ന് പോളണ്ട് പിന്‍മാറിയിരുന്നു. മാര്‍ച്ചില്‍ നടക്കേണ്ട യോഗ്യതാ മത്സരത്തില്‍ നിന്നാണ് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി നയിക്കുന്ന പോളണ്ടിന്‍റെ പിന്‍മാറ്റം. റഷ്യ വേദിയാവേണ്ടിയിരുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍, ഫോര്‍മുല വണ്ണിലെ റഷ്യന്‍ ഗ്രാന്‍പ്രിക്സ് എന്നിവ റദ്ദാക്കിയതിന് പിന്നാലെയാണ് പോളണ്ടിന്‍റെ പിന്‍മാറ്റം. പോളണ്ട് ഫുട്ബോള്‍ അസോസിയേഷന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ലെവന്‍ഡോവ്സ്‌കി വ്യക്തമാക്കിയിരുന്നു.
പ്രതിഷേധം കടുക്കുന്നു
അതിനിടെ റഷ്യക്കൊപ്പം കളിക്കാനില്ലെന്ന് ഇംഗ്ലണ്ട് നിലപാട് എടുത്തതും ശ്രദ്ധേയമാണ്. ഇംഗ്ലീഷ് ലീഗ് കപ്പിൽ ഇന്നലെ നടന്ന ചെൽസി-ലിവർപൂൾ ഫൈനലില്‍ താരങ്ങള്‍ യുക്രൈന് പിന്തുണ അറിയിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഫ്രഞ്ച് ലീഗ് വണ്ണിലും താരങ്ങൾ യുദ്ധത്തിനെതിരെ കഴിഞ്ഞ ദിവസം അണിനിരന്നിരുന്നു. സ്വന്തം നാടിന്‍റെ ദുരിതത്തിൽ കണ്ണീരണിഞ്ഞ യുക്രൈൻ നായകനും മാഞ്ചസ്റ്റര്‍ സിറ്റി താരവുമായ ഒലക്സാണ്ടർ സിൻചെൻകോയുടെ വീഡിയോയും ചിത്രവും ചര്‍ച്ചയായിരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങള്‍ മൈതാനത്തെത്തിയത് ജഴ്സിയിൽ ‘നോ വാർ’ എന്നെഴുതിയെങ്കില്‍ സിറ്റിയുടെ എതിരാളികളായ എവർട്ടൻ താരങ്ങളെത്തിയത് യുക്രൈൻ പതാകയുമായാണ്. ഫ്രഞ്ച് ലീഗ് വണ്ണിൽ ലിയോണല്‍ മെസിയും നെയ്‌മറും കിലിയന്‍ എംബാപ്പെയും ഉൾപ്പെട്ട പിഎസ്‌ജിയും സെന്‍റ് എറ്റിനിയുടെ താരങ്ങളും യുദ്ധത്തിനെതിരായ സന്ദേശവുമായി കളിക്കളത്തിലെത്തിയതും ശ്രദ്ധേയമായി. ഇംഗ്ലണ്ടിലെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രീമിയർ ലീഗ് വമ്പന്‍മാരായ ചെൽസിയുടെ നടത്തിപ്പ് അവകാശം ടീം ഉടമ റൊമാൻ അബ്രമോവിച്ചിന് ക്ലബിന്‍റെ ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറേണ്ടിവന്നു.