തിരുവനന്തപുരം: നവമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശക്തമാക്കാനൊരുങ്ങി എക്‌സൈസ്- തദ്ദേശ മന്ത്രി എം.വി. ഗോവിന്ദന്‍. പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടും വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതിനാലാണ് നവമാധ്യമങ്ങളില്‍ കൂടുതല്‍ സജീവമാകാനുള്ള തീരുമാനമെന്നാണ് വിവരം.
എക്‌സൈസ്-തദ്ദേശ സ്വയംഭരണ തുടങ്ങി രണ്ട് പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടും മന്ത്രിക്ക് വേണ്ടത്ര പബ്ലിസിറ്റി കിട്ടുന്നില്ലെന്നാണ് ഓഫീസിന്റെ വിലയിരുത്തല്‍.
നവമാധ്യമ ഇടപെടലിനായി മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് കുറച്ചുപേരെ നേരത്തെ നിയോഗിച്ചിരുന്നു. എന്നിട്ടും വകുപ്പിന്റെ പ്രചാരണം വേണ്ട വിധത്തില്‍ നടക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി തന്നെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ പൊതുഭരണ വകുപ്പിനോട് ആവശ്യപ്പെട്ടത്.
മന്ത്രിയുടെ ഓഫീസില്‍ നവമാധ്യമസംഘത്തിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ 1,70,000 രൂപ വകുപ്പ് അനുവദിച്ചിട്ടുണ്ട്. ഏ.സിയും ഇലക്ട്രിക്കല്‍ പോര്‍ട്ടലുകളും വാങ്ങാനാണ് തുക അനുവദിച്ചത്.
സ്റ്റാഫിലുള്ള 23 പേരില്‍ മൂന്ന് പേരെ സമൂഹമാധ്യമ ഇടപെടലിനായാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സിഡിറ്റ് വഴി കൂടുതല്‍ പേരെ മന്ത്രിയുടെ ഓഫീസിലേക്കോ നവമാധ്യമ സെല്ലിലേക്കോ സിയമിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പാര്‍ട്ടിക്കായി നവമാധ്യമങ്ങളില്‍ ഇടപെട്ട് കുറച്ചുകൂടി പരിചയം ഉള്ളവരെ കൊണ്ടുവരാനും നീക്കമുണ്ട്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം അടുക്കാറായതും കൂടാതെ മദ്യ നയം വരുന്നതും മുന്നില്‍ കണ്ടാണ് മന്ത്രിയുടെ നടപടിയെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ പിന്തുണയും, ആക്ഷേപങ്ങള്‍ക്ക് പ്രതിരോധവും തീര്‍ക്കാനാണ് എല്ലാ സജീകരണങ്ങളോടും കൂടിയുള്ള സംവിധാനങ്ങള്‍ വരുന്നത്.
നേരത്തെ മുഖ്യമന്ത്രിയുടെ നവമാധ്യമ പ്രചാരണത്തിന് വേണ്ടി ലക്ഷങ്ങള്‍ ചിലവഴിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.