തിരുവനന്തപുരം: സംസ്ഥാനത്തു സ്വർണവില കുതിച്ചുയർന്നു. ഇന്ന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് 22 കാരറ്റ് സ്വർണ്ണവിലയിൽ വർധന രേഖപ്പെടുത്തിയത്. ഗ്രാമിന് 4700 രൂപയും പവന് 37600 രൂപയും ആണ് ഇന്നത്തെ സ്വർണ്ണവില. കഴിഞ്ഞദിവസം 22 കാരറ്റ് സ്വർണ്ണത്തിന് 4635 രൂപയായിരുന്നു ഗ്രാമിന് വില ഉണ്ടായിരുന്നത്. യുക്രൈൻ ഏതാ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യ ക്കെതിരെ ലോകരാഷ്ട്രങ്ങൾ പലവിധത്തിലുള്ള ഉപരോധങ്ങളും ഏർപ്പെടുത്തുമെന്ന വാർത്തകളാണ് ഈ നിലയിൽ സ്വർണ്ണവില ഉയരാനുള്ള കാരണം.
18 ക്യാരറ്റ് സ്വർണത്തിന് 3885 രൂപയാണ് ഇന്നത്തെ വില. ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയും വെള്ളിക്ക് ഗ്രാമിന് 70 രൂപയുമാണ് ഇന്നത്തെ വില. സംസ്ഥാനത്ത് സ്വർണ വിലയിൽ അടുത്ത രണ്ടാഴ്ചക്കുള്ളിൽ വലിയ ചാഞ്ചാട്ടമുണ്ടാകാൻ സാധ്യതയെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ. ബാങ്കുകളിൽ നിന്ന് വ്യാപാരികൾ വാങ്ങുന്ന സ്വർണ നിരക്ക് ഉയർന്നേക്കും. 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 49500 രൂപ മുതൽ 57000 രൂപയിലേക്ക് ഉയരാനും സാധ്യതയുണ്ടെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അബ്ദുൾ നാസർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
രാജ്യാന്തര പേയ്മെന്‍റ് ശൃംഖലയായ സ്വിഫ്റ്റില്‍ നിന്നും റഷ്യയിലെ മുന്‍നിര ബാങ്കുകളെ പുറത്താക്കാന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ധാരണയായതോടെയാണ് സ്വർണവിലയും ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. റഷ്യയിലെ ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും വിദേശ സാമ്പത്തിക ഇടപാടുകള്‍ ഇതോടെ പൂര്‍ണ്ണമായും നിലക്കും. അങ്ങിനെ വരുമ്പോൾ സ്വർണമായിരിക്കും അന്താരാഷ്ട്ര വ്യാപാരത്തിനുള്ള റഷ്യയിലെ പുതിയ കറൻസിയാവുകയെന്ന വിലയിരുത്തലാണ് ഇതിന് അടിസ്ഥാനം.
അടുത്ത 12 മുതൽ 15 വരെ ദിവസങ്ങൾക്കുള്ളിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയ്ക്ക് വലിയ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. സ്വർണ്ണത്തിന്റെ വില ഏറ്റവും കുറഞ്ഞത് 1856 ഡോളറിനും ഉയർന്നത് 2150 ഡോളർ വരെയും ആയിരിക്കാമെന്നാണ് വിപണിയിലെ വിലയിരുത്തൽ. ഇന്ത്യൻ രൂപയിൽ 24 കാരറ്റ് സ്വർണത്തിന് പത്ത് ഗ്രാമിന്റെ വില 49500 രൂപയ്ക്കും 57000 രൂപയ്ക്കും ഇടയിലായിരിക്കുമെന്നാണ് വിലയിരുത്തലെന്നും അഡ്വ അബ്ദുൾ നാസർ അറിയിച്ചു.