ഹൈദരാബാദ്: യൂട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനിടെ അമിതരക്തസ്രാവമുണ്ടായി യുവാവ് മരിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാശം സ്വദേശി ശ്രീനാഥി(28)നെയാണ് നെല്ലൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന് ശസ്ത്രക്രിയ നടത്തിയ ഫാർമസി വിദ്യാർത്ഥികളായ മസ്താൻ,ജീവ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ചയാണ് ശ്രീനാഥിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ലോഡ്ജ് ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കിടെയാണ് മരണം നടന്നതെന്ന് കണ്ടെത്തിയത്.
ഹൈദരാബാദിൽ ജോലിചെയ്തിരുന്ന ശ്രീനാഥ് ഭാര്യയുമായുള്ല ബന്ധം ഉപേക്ഷിച്ച ശേഷം ഒറ്റയ്ക്കായിരുന്നു താമസം. അടുത്തിടെയാണ് ബി ഫാം വിദ്യാർത്ഥികളായ മസ്താനെയും ജീവയെയും പരിചയപ്പെട്ടത്. തുടർന്ന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള ആഗ്രഹം ഇവരോട് പങ്കുവയ്ക്കുകയായിരുന്നു. മുംബയിൽ പോയി ശസ്ത്രക്രിയ നടത്താനുള്ള തീരുമാനത്തിലായിരുന്നു ശ്രീനാഥ്. എന്നാൽ വിദ്യാർത്ഥികൾ യുവാവിനെ പിന്തിരിപ്പിക്കുകയും കുറഞ്ഞ ചെലവിൽ ശസ്ത്രക്രിയ നടത്താമെന്ന് പറയുകയുമായിരുന്നു.