വേർപിരിഞ്ഞ് കഴിയുകയായിരുന്ന ഭാര്യ വീണ്ടും ഒന്നിച്ച് കഴിയാൻ വിസമ്മതിച്ചതിന്റെ പേരിൽ ജലറ്റിൻ സ്റ്റിക്ക് ഉപയോഗിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് സംഭവം നടന്നത്. സ്‌ഫോടനത്തിൽ ദമ്പതികളിരുവരും കൊല്ലപ്പെട്ടു. ആരവല്ലി സ്വദേശിയായ ലാല പാഗി (45), ഭാര്യ ശ്രദ്ധ എന്നിവരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി നടന്ന സ്ഫോടനത്തിന്റെ ലക്ഷ്യവും എത്ര പേർ കൊല്ലപ്പെട്ടുവെന്നും അറിയാതെ ആരവല്ലി പോലീസ് തുടക്കത്തിൽ പരിഭ്രാന്തരായെങ്കിലും പിന്നീട് ഭാര്യയെ കൊല്ലാൻ വേണ്ടി ഭർത്താവ് നടത്തിയ സ്ഫോടനമാണെന് അവർ മനസ്സിലാക്കിയെടുക്കുകയായിരുന്നു.
ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്ന് പാഗിയിൽ നിന്നും ശ്രദ്ധ കഴിഞ്ഞ ഒന്നര മാസമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു എന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചത്.
വേർപിരിഞ്ഞു കഴിയുകയിരുന്ന ശ്രദ്ധയെ തിരികെ കൊണ്ടുവരാൻ പാഗി ശ്രമിച്ചിരുന്നെങ്കിലും ഒരുമിച്ച് ജീവിക്കാൻ തയാറല്ലെന്ന് ശ്രദ്ധ നിലപാട് എടുത്തതോടെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാമെന്ന് പറഞ്ഞ് ശ്രദ്ധയുടെ വീട്ടിലേക്ക് വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് പാഗി എത്തിയത്. വീട്ടിലെത്തിയ ഇയാൾ പെട്ടെന്ന് ഭാര്യയെ കടന്ന് പിടിക്കുകയും തുടർന്ന് ശക്തിയിൽ ആലിംഗനം ചെയ്യുകയുമായിരുന്നു. ശക്തമായ ആലിംഗനത്തിൽ സ്ഫോടകവസ്തു പൊട്ടിയതോടെ ഇരുവർക്കും മരണം സംഭവിക്കുകയായിരുന്നു.
ആദിവാസി മേഖലകളിൽ മത്സ്യം പിടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ വെച്ചാണ് പാഗി സ്ഫോടനം നടത്തിയതെന്ന് ഗാന്ധിനഗർ റേഞ്ച് ഐജിപി അഭയ് ചുദാസമ പറഞ്ഞു. ഇവരുടെ പക്കൽ നിന്നും ഇത് വാങ്ങുന്നതിനോടൊപ്പം തന്നെ ഇത് ഉപയോഗിക്കുന്ന വിധവും മനസ്സിലാക്കിയിരുന്നതായി പോലീസ് പറയുന്നു.
പാഗിയുടെയും വീട്ടുകാരുടെയും പീഡനങ്ങൾ സഹിക്കാൻ കഴിയാതെ വന്നതോടെയാണ് ശ്രദ്ധ പാഗിയിൽ നിന്നും വേർപിരിഞ്ഞ് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയതെന്ന് ശ്രദ്ധയുടെ സഹോദരൻ പൊലീസിനോട് പറഞ്ഞു. ദമ്പതികൾക്ക് 21 വയസ്സുള്ള മകനുണ്ട്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.