കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ലഹരിക്കേസിൽ കുടുക്കി; പഞ്ചായത്തംഗം അറസ്റ്റിൽ

0
375

വണ്ടൻമേട്(ഇടുക്കി)∙ ഭര്‍ത്താവിനെ ഒഴിവാക്കുന്നതിനായി ലഹരിമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഗ്രാമപഞ്ചായത്ത് അംഗമായ ഭാര്യ അറസ്റ്റില്‍. വണ്ടന്‍മേട് പഞ്ചായത്ത് അംഗം സൗമ്യയാണ് അറസ്റ്റിലായത്. കാമുകനായ വിനോദുമായി ചേര്‍ന്നാണ് ഭര്‍ത്താവ് സുനിലിന്റെ വാഹനത്തില്‍ ലഹരിവസ്തു ഒളിപ്പിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച പുറ്റടിക്കു സമീപം പൊലീസ് നടത്തിയ പരിശോധനയിലാണ് സുനിലിന്റെ ഇരുചക്രവാഹനത്തില്‍നിന്നും എംഡിഎംഎ കണ്ടെടുത്തത്. അന്വേഷണത്തില്‍ സുനില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നതായോ, വില്‍പന നടത്തുന്നതായോ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലാണ് ഭര്‍ത്താവിനെ ഒഴിവാക്കുന്നതിനായി സൗമ്യയും കാമുകന്‍ വിനോദും ചേര്‍ന്ന് തയാറാക്കിയ പദ്ധതിയാണിതെന്ന് തെളിഞ്ഞത്.

ഒരു വര്‍ഷത്തിലധികമായി സൗമ്യയും വിനോദും അടുപ്പത്തിലായിരുന്നു. സുനിലിനെ കൊലപ്പെടുത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് അന്വേഷണം തങ്ങളിലേക്ക് എത്തുമോ എന്ന് പേടിച്ച് ഇതില്‍നിന്നും പിന്‍മാറുകയായിരുന്നു. തുടർന്ന്, ലഹരി കേസില്‍ സുനിലിനെ കുടുക്കാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ചു.

വിനോദ് 45,000 രൂപയ്ക്ക് എംഡിഎംഎ വാങ്ങി സൗമ്യയ്ക്ക് നൽകി. വിനോദ് വിദേശത്തേക്കും പോയി. വാഹനത്തില്‍, എംഡിഎംഎ ഒളിപ്പിച്ച ശേഷം സൗമ്യ ഫോട്ടോ എടുത്ത് കാമുകന് അയച്ചു നല്‍കി. വിനോദ് മുഖേനയാണ് വാഹനത്തില്‍ ലഹരിവസ്തു ഉള്ള വിവരം പൊലീസിന് ലഭിച്ചത്. നിലവില്‍ വിദേശത്ത് ഉള്ള വിനോദിനെ തിരികെ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. വിനോദിന് എംഡിഎംഎ എത്തിച്ച് നല്‍കിയ ഷെഹിന്‍ഷാ, ഷാനവാസ് എന്നിവരും അറസ്റ്റിലായി.

LEAVE A REPLY

Please enter your comment!
Please enter your name here