ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു, ബാരലിന് 105 ഡോളർ; സ്വർണത്തിന് 1970 ഡോളർ

0
242

ദില്ലി: റഷ്യയുടെ യുക്രൈനെതിരായ യുദ്ധം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിപ്പിച്ചു. ക്രൂഡ് ഓയിൽ വില  ബാരലിന് 105 ഡോളറായി ഉയർന്നു. ഇന്ത്യയടക്കമുള്ള ഉപഭോഗ രാജ്യങ്ങളിൽ ഇന്ധന വില വർധനയ്ക്കും അതുവഴി വിലക്കയറ്റത്തിനും കാരണമാകുന്നതാണ് ഈ മാറ്റം. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില രണ്ട് വർഷത്തിനിടയിലെ ഉയർന്ന നിരക്കായ 1970 ഡോളറിലെത്തി.

അസംസ്കൃത എണ്ണയുടെ വില ബാരലിന് രാവിലെ 100 ഡോളര്‍ കടന്നിരുന്നു. ക്രൂഡ് ഓയിൽ വില 75-85 ഡോളറിൽ നിൽക്കുന്നതാണ് ഇന്ത്യക്ക് ഏറ്റവും അഭികാമ്യം. അതേസമയം യുദ്ധം പലതരത്തിലും വിപണിയെ സ്വാധീനിക്കുന്നതിനാൽ കേരളത്തിലുള്ളവർക്കും ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും.

ഉപയോഗിക്കുന്ന എണ്ണയുടെ എണ്‍പത്തഞ്ച് ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. യുക്രൈനെതിരെ സൈനിക നീക്കം തുടങ്ങിയ റഷ്യയാകട്ടെ ലോകത്ത് എണ്ണ ഉൽപ്പാദനത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യവുമാണ്. ഇന്ത്യ റഷ്യയിൽ നിന്ന് അധികം എണ്ണ ഇറക്കുമതി ചെയ്യുന്നില്ല. എന്നാൽ യുദ്ധം നീണ്ടുപോയാൽ റഷ്യയ്ക്ക് മേൽ ലോകരാഷ്ട്രങ്ങൾ ഉപരോധം ഏർപ്പെടുത്തുന്ന സ്ഥിതിയുണ്ടാകും. അങ്ങിനെ വന്നാൽ നിലവിൽ ഇന്ത്യ ആശ്രയിക്കുന്ന ലോകത്തെ ഒപെക് രാജ്യങ്ങളിൽ നിന്നുള്ള ഇന്ധനത്തിന് ഡിമാന്റ് ഉയരാൻ സാധ്യതയുണ്ട്.

നവംബർ നാലിന് ശേഷം എണ്ണ വില വർധിപ്പിച്ചിട്ടില്ല. യുദ്ധത്തിന് മുൻപ് തന്നെ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയർന്നിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ ഉൽപ്പാദനം ഒപെക് രാജ്യങ്ങൾ കുറച്ചത് വൻതോതിൽ വില ആഗോള തലത്തിൽ വില വർധിക്കാൻ കാരണമായിരുന്നു. നവംബറിന് ശേഷം ഇന്ത്യയിൽ വില വർധിക്കാതിരുന്നത് അഞ്ച് സംസ്ഥാനങ്ങളിലായി നടക്കാനിരുന്ന അസംബ്ലി തെരഞ്ഞെടുപ്പ് കൊണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് മാർച്ച് ഏഴിന് അവസാനിക്കുമെന്നിരിക്കെ, എണ്ണ കമ്പനികൾ വില കുത്തനെ ഉയർത്തുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ 12 മണിക്കൂറായി റഷ്യയുടെ സൈനിക നീക്കങ്ങളെ ഒറ്റയ്ക്ക് നേരിടുകയാണ് യുക്രൈൻ. റഷ്യയുമായി ഏറ്റുമുട്ടലിനില്ലെന്ന് നാറ്റോയും വ്യക്തമാക്കി. ഇതിന് മുമ്പ് ക്രൂഡോയിൽ വില ഇത്രയേറെ ഉയർന്നത്  2014 ലാണ്. യൂറോപ്പിലേക്കുള്ള ഇന്ധനത്തിന്റെ മൂന്നിലൊന്നും റഷ്യയാണ് നൽകുന്നത്. അതിനാൽ തന്നെ യുദ്ധ  സാഹചര്യം ക്രൂഡ് ഓയിൽ വില ഇനിയും വർധിപ്പിച്ചേക്കും. റഷ്യയ്ക്ക് മേൽ ഉപരോധം വന്നാൽ ക്രൂഡ് ഓയിലിന് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇറാനെ ആശ്രയിക്കേണ്ടി വരും. ഇറാനോടുള്ള നിലപാട് അമേരിക്ക മയപ്പെടുത്തേണ്ടതായ സാഹചര്യം വരും.

നവംബര്‍ നാലിന് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി ഡീസല്‍ ലീറ്ററിന് 10 രൂപയും പെട്രോളിന് അഞ്ചു രൂപയും കുറച്ചതിനു ശേഷം അസംസ്‌കൃത എണ്ണവിലയില്‍ 10 ഡോളറിന്റെ വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അസംസ്കൃത  എണ്ണവില ഒരു ഡോളർ ഉയരുമ്പോൾ ശരാശരി  70–80 പൈസയുടെ വർധനയാണ് എണ്ണയുടെ ചില്ലറവിൽപ്പന വിലയിൽ ഉണ്ടാകാറുള്ളത്. അതിനാല്‍ തന്നെ മാര്‍ച്ച് ഏഴിന് അവസാനഘട്ട പോളിംഗിന് ശേഷം മാര്‍ച്ച് ഏഴിനാണ് അവസാനഘട്ട പോളിങ്. തൊട്ടുപിന്നാലെ പെട്രോള്‍, ഡീസല്‍ വില ലീറ്ററിന് 7-8 രൂപ വരെ വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ധന വില ക്രമാതീതമായി വർധിക്കുകയാണെങ്കിൽ കേന്ദ്രസർക്കാരിന് ഇടപെടേണ്ടി വരും. എക്സൈസ് തീരുവ ഇനിയും കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

ദില്ലിയില്‍ പെട്രോൾ ലിറ്ററിന് 95.41 രൂപയും ഡീസലിന് 86.67 രൂപയുമാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 109.98 രൂപയും ലിറ്ററിന് 94.14 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 104.67 രൂപയും ഒരു ലിറ്റർ ഡീസൽ വില 89.97 രൂപയുമാണ്. നവംബർ നാലിന് തമിഴ്നാട് സർക്കാർ വില കുറച്ചതോടെ ചെന്നൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 101.40 രൂപയും ലിറ്ററിന് 91.43 രൂപയുമായി മാറിയിരുന്നു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 106.36 രൂപയും ഡീസലിന് ലിറ്ററിന് 93.47 രൂപയുമാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here