ചെന്നൈ: തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടവുമായി ഡിഎംകെ മുന്നണി. ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണി നേടിയത് രാഷ്ട്രീയ വിദഗ്ധരെ അമ്പരപ്പിക്കുന്ന വിജയമാണ്. സംസ്ഥാനത്തെ 21 കോർപ്പറേഷനുകളിലും മിക്കവാറും എല്ലാ മുനിസിപ്പാലിറ്റികളിലും ടൗൺ പഞ്ചായത്തുകളിലും ഭരണമുന്നണി അധികാരത്തിലെത്തി.
മുതിർന്ന നേതാക്കളായ ഒ. പന്നീർശെൽവം, എടപ്പാടി പളനിസ്വാമി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ വലിയ പ്രചാരണത്തിനും എഐഎഡിഎംകെയെ രക്ഷിക്കാനായില്ല. 1996ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് അണ്ണാഡിഎംകെയുടേത്. കേരളത്തിൽ വേരുള്ള സിപിഎം, മുസ്‌ലിംലീഗ്, സിപിഐ കക്ഷികൾക്കും തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താനായി. 166, 41, 58 സീറ്റുകളാണ് യഥാക്രമം കക്ഷികൾക്ക് ലഭിച്ചത്. ഡിഎംകെ മുന്നണിക്ക് കീഴിലാണ് മൂന്നു കക്ഷികളും മത്സരിച്ചത്. എസ്ഡിപിഐക്ക് 22 സീറ്റു ലഭിച്ചു.
കോർപറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ടൗൺ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ആകെ 308 സീറ്റാണ് ബിജെപി വിജയിച്ചത്. ഇതിൽ 200 ഉം കന്യാകുമാരി ജില്ലയിൽ നിന്നാണ്. ദ്രാവിഡ പാർട്ടികളേക്കാൾ ദേശീയ കക്ഷികൾക്ക് സ്വാധീനമുള്ള ജില്ലയാണ് കന്യാകുമാരി. മുമ്പ് നേടിയതില്‍ നിന്നും ഇരട്ടിയോളം സീറ്റുകള്‍നേടിയാണ് ബിജെപി മികച്ച നേട്ടം കൈവരിച്ചത്. മികച്ച നേട്ടം കൈവരിച്ചതിന് ബിജെപി സംസ്ഥാന സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലയെ പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.
ചെറു കക്ഷികളായ പിഎംകെ, നാം തമിലർ കച്ചി, കമൽ ഹാസന്റെ മക്കൾ നീതി മയ്യം, വിജയകാന്തിന്റെ ഡിഎംഡികെ, ടിടിവി ദിനകരന്റെ എഎംഎംകെ തുടങ്ങിയ കക്ഷികൾക്കൊന്നും നേട്ടമുണ്ടാക്കാനായില്ല. ഒമ്പത് മാസം പ്രായമായ ഡിഎംകെ സർക്കാറിന്റെ വിലയിരുത്തൽ കൂടിയായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ്. 200 വാർഡുകളുള്ള ഗ്രേറ്റർ ചെന്നൈ കോർപറേഷൻ കൗൺസിലും ഡിഎംകെ പിടിച്ചെടുത്തു.