ബംഗളൂരു: ഇന്ത്യയില്‍ ഹിജാബ് ധരിക്കുന്നതിനു വിലക്കില്ലെന്നും എന്നാല്‍ സ്ഥാപനങ്ങളുടെ അച്ചടക്കം സംബന്ധിച്ച നിയന്ത്രണങ്ങള്‍ അതിനു ബാധകമാണെന്നും കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹിജാബ് ധരിക്കുന്നതിനുള്ള അവകാശം ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദത്തില്‍ പെടുന്നതല്ലെന്നും കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവാദ്ഗി വാദിച്ചു.
ഹര്‍ജിക്കാര്‍ വാദിക്കുന്നതു പോലെ ഹിജാബ് ധരിക്കുന്നതിനുള്ള അവകാശം അനുച്ഛേദം 25 പ്രകാരമുള്ള മൗലിക അവകാശമല്ലെന്ന് എജി പറഞ്ഞു. അത് അനുച്ഛേദം 19 1 എയിലാണ് വരിക. ഒരാള്‍ക്കു ഹിജാബ് ധരിക്കണമെന്നുണ്ടെങ്കില്‍ ധരിക്കാം. അതിനു വിലക്കില്ല. എന്നാല്‍ അതതു സ്ഥാപനങ്ങളുടെ അച്ചടക്കം പാലിക്കേണ്ടതുണ്ട്- എജി പറഞ്ഞു.
ഈ കേസില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് അകത്തു മാത്രമാണ് ഹിജാബിന് നിയന്ത്രണം. ഹിജാബ് ധരിക്കുന്നതു മതത്തിന്റെ അടിസ്ഥാന ആചരണത്തില്‍ പെട്ടതാണെന്ന വാദം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കുന്ന സ്വഭാവം അതിനുണ്ട്. അതു ധരിക്കാത്തവര്‍ സമുദായത്തിനു പുറത്തുപോവും എന്നാണ് അതിനര്‍ഥമെന്ന് എജി പറഞ്ഞു.
ഹിജാബ് കേസില്‍ ഈയാഴ്ച തന്നെ തീര്‍പ്പുണ്ടാക്കാനാവുമെന്നാണ് കരുതുന്നതെന്ന് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. കേസില്‍ തീര്‍പ്പുണ്ടാവുന്നതു വരെ ഹിജാബിന്റെ കാര്യത്തില്‍ നിര്‍ബന്ധം അരുതെന്ന് ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. കേസ് നീണ്ടുപോവുന്നതു ചൂണ്ടിക്കാട്ടി, ഇക്കാര്യത്തില്‍ ഇളവു വേണമെന്ന് ഇന്ന് വാദം തുടങ്ങും മുമ്പ് ഹര്‍ജിക്കാര്‍ അഭ്യര്‍ഥിച്ചു. ഇതിനോടു പ്രതികരിച്ചുകൊണ്ടാണ്, ഈയാഴ്ച തന്നെ കേസില്‍ തീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് കോടതി അറിയിച്ചത്.