സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും വ്യാപകമാകുന്നു.സ്ത്രീകളും കുട്ടികളുമടക്കം ഇത്തരം മയക്കുമരുന്നുകൾക്ക് അടിമകളാകുന്നത് വർധിക്കുകയാണ്.സംസ്ഥാനത്ത് എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടുന്നത് നിത്യസംഭവമായി മാറി. പല രീതിയിൽ ഉപയോഗിക്കാനാകുമെന്നതും മദ്യപാനം പോലെ പെട്ടെന്ന് പിടികൂടാൻ സാധിക്കില്ലെന്നതും ഇത്തരം മയക്കുമരുന്നുകളുടെ ഉപയോഗത്തിലേക്ക് യുവാക്കളെയടക്കം ആകർഷിക്കുന്നു. സംസ്ഥാനത്തേക്ക് മയക്കുമരുന്ന് കടത്തുന്നത് തടയാൻ പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.
ഇതോടെയാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് മയക്കുമരുന്ന് എത്തിക്കുന്നത് കുറയുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ തോതിൽ ലഹരിമരുന്ന് നിർമിക്കുന്ന കേന്ദ്രങ്ങൾ തുടങ്ങുകയും ചെയ്തത്.ഗ്രാമിന് 4000 രൂപ വരെ വിലയുള്ള സിന്തറ്റിക് ലഹരിമരുന്നാണ് എം.ഡി.എം.എ. ഡി.ജെ പാർട്ടികൾക്കായി ഗ്രാമിന് 10,000 രൂപ വരെയുള്ള ലഹരിമരുന്നുകൾ എത്തിക്കുന്നതായാണ് വിവരം. ഉറക്കമില്ലായ്മ മുതല്‍ തലച്ചോറിനെയും നട്ടെല്ലിനെയും ഉൾപ്പെടെ ഗുരുതരമായി ബാധിക്കുന്ന രോഗങ്ങള്‍ എം.ഡി.എം.എയുടെ നിരന്തര ഉപയോഗംമൂലമുണ്ടാകാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.