ഹിജാബ് വിവാദം: കർണാടകയിലെ കോളേജുകൾ തുറന്നു; ഉഡുപ്പി നഗരത്തിൽ നിരോധനാജ്ഞ

0
233

ബംഗളൂരു: ഹിജാബ് വിവാദത്തിന് പിന്നാലെ അടച്ച കര്‍ണാടകയിലെ പ്രീ യൂണിവേഴ്സ്റ്റി, ബിരുദ കോളേജുകള്‍ തുറന്നു. കനത്ത സുരക്ഷയോടെയാണിത്. ഉഡുപ്പി നഗരത്തില്‍ പൂര്‍ണമായും, മറ്റു ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 200 മീറ്റര്‍ ചുറ്റളവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ചില കുട്ടികൾ ഹിജാബ് ധരിച്ചു കൊണ്ടാണ് കോളേജ് വളപ്പുകളിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ചിലർ അഴിച്ചു മാറ്റാൻ തയ്യാറായിട്ടുണ്ട്. എന്നാൽ ചിലർ അധ്യാപകരോട് തർക്കിക്കുന്ന സാഹചര്യമാണ്. പ്രശ്നം ഉടലെടുത്തതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച ഉഡുപ്പിയിലെ കോളേജിലെ ആറ് വിദ്യാർഥികൾ എത്തിച്ചേർന്നിട്ടില്ലെന്നാണ് വിവരം.

ക്ലാസ് മുറിയിൽ ശിരോവസ്ത്രം ധരിക്കാൻ അനുവാദം നൽകണമെന്ന് ആവർത്തിച്ചാണ് വിദ്യാർഥിനികൾ ഹൈക്കോടതിയെ സമീപിച്ചത്. ശിരോവസ്ത്രം ധരിക്കുന്നത് മതപരമായ സ്വത്വം പ്രകടിപ്പിക്കുന്നതു മാത്രമല്ലെന്നും വിശ്വാസത്തിന്റെ പേരിലുള്ള നിഷ്കളങ്കമായ ആചാരമാണെന്നും വിദ്യാർഥികൾക്ക്‌വേണ്ടി ഹാജരായ അഭിഭാഷകൻ ദേവദത്ത് കാമത്ത് വാദിച്ചു.

അതേസമയം കർണാടകയിൽ സ്കൂളുകൾ തുറന്നതിന്റെ രണ്ടാംദിവസവും ചില സ്കൂളുകളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികൾക്ക് ക്ലാസ് മുടങ്ങുന്ന സാഹചര്യവും ഉണ്ടായി. ചിക്കമഗളൂരു ഇന്ദവാരയിലെ ഗവ. ഹൈസ്കൂളിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥിനികളെ ക്ലാസിൽ കയറാൻ അനുവദിച്ചില്ല. ഇതേത്തുടർന്ന് രക്ഷിതാക്കളും അധ്യാപകരും തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ സ്കൂളിന് ഒരു ദിവസത്തെ അവധി പ്രഖ്യാപിക്കുകയായിരുന്നു. എസ്.എസ്.എൽ.സി. മാതൃകാപരീക്ഷയെഴുതാൻ വിദ്യാർഥികളെ അനുവദിക്കണമെന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം.

മൈസൂരു ജില്ലയിലെ വിവിധ സ്കൂളുകളിലായി ഹിജാബ് ധരിച്ചെത്തിയ 43 വിദ്യാർഥിനികൾക്ക് എസ്.എസ്.എൽ.സി. മാതൃകാപരീക്ഷയിൽ ഹാജരാകാനായില്ലെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. കുടകിലെ നെല്ലിഹുഡിഗേരി സ്കൂളിലെ ഏതാനും വിദ്യാർഥിനികൾ ഹിജാബ് ഒഴിവാക്കാൻ വിസമ്മതിച്ച് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ഹിജാബ് വിഷയത്തിൽ വിധി വരുംവരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹർജിയിൽ തീർപ്പ് കൽപ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും ഹിജാബ് വിഷയത്തിൽ അടച്ചു പൂട്ടിയ കോളേജുകൾ തുറക്കണമെന്നും കർണാടക ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. തുടർന്ന് കർണാടക സർക്കാർ കോളേജുകൾ തുറക്കാൻ തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here