ദില്ലി: ഇന്ധന നികുതിയിനത്തിൽ ഇക്കഴിഞ്ഞ വർഷം ലഭിച്ച തുക സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ. 2021 ൽ മാത്രം 3,89,017 കോടി രൂപ കേന്ദ്രസർക്കാരിന് ലഭിച്ചതായാണ് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് സഹ മന്ത്രി പാർലമെന്‍റിനെ അറിയിച്ചത്. 2021 ജനുവരി മുതൽ ഡിസംബർ വരെയുള്ള നികുതി വരുമാന കണക്കാണ് മന്ത്രി വെളിപ്പെടുത്തിയത്.
ആന്‍റോ ആന്‍റണി എംപിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് സഹ മന്ത്രി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഒന്നര മാസക്കാലമായി ഇന്ധനവിലയിൽ മാറ്റമില്ലാത്തതിന്‍റെ വിശദീകരണം തേടിയപ്പോൾ, എണ്ണക്കമ്പനികൾ ആണ് വില നിശ്ചയിക്കുന്നത് എന്നായിരുന്നു സർക്കാർ മറുപടി.
അതേസമയം യുപിയടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇന്ധനവില ഉയര്‍ന്നേക്കാമെന്ന വിലയിരുത്തലുകൾ നേരത്തെ ഉയർന്നിരുന്നു. അന്താരാഷ്ട്ര വിപണയില്‍ എണ്ണവില ബാരലിന് (Crude Oil price) 93 ഡോളറായെങ്കിലും ആഭ്യന്തരവിപണിയില്‍ വില ഉയര്‍ന്നിരുന്നില്ല. ഒമിക്രോണ്‍ (Omicron) വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നിന് എണ്ണവില ബാരലിന് 69 ഡോളറായെങ്കിലും ഭീതി ഒഴിഞ്ഞതോടെ വീണ്ടും ഉയര്‍ന്ന് 93 ഡോളറിലെത്തിയിരുന്നു. അതിനിടെ ഉക്രെയിനും റഷ്യയും തമ്മിലുള്ള പ്രശ്‌നങ്ങളും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. പ്രധാന എണ്ണ ഉല്‍പാദകരായ റഷ്യയും പാശ്ചാത്ത്യ രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളും വിലയെ ബാധിക്കുന്നുണ്ടെന്നാണ് വിദഗ്ദർ ചൂണ്ടികാട്ടുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും വില ഉയരുമെന്ന് വിദഗ്ധര്‍ പറയുന്നു. നവംബറിന് ശേഷം 15 ശതമാനമാണ് എണ്ണവിലയില്‍ വര്‍ധനവുണ്ടാത്. ഇക്കാലയളവിലൊന്നും ഇന്ത്യയില്‍ വില ഉയര്‍ന്നിരുന്നില്ല. ഇന്ത്യയില്‍ എണ്ണവില നിയന്ത്രിക്കുന്നതിന് പിന്നില്‍ സാമ്പത്തികം മാത്രമല്ല രാഷ്ട്രീയ കാരണങ്ങളും കൂടിയുണ്ടെന്ന് ഇന്ത്യ റേറ്റിങ്‌സ് ആന്‍ഡ് റിസര്‍ച്ച് പ്രിന്‍സിപ്പല്‍ എക്കണോമിസ്റ്റ് സുനില്‍ സിന്‍ഹ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിന് ശേഷം അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കാത്തതിനെ തുടര്‍ന്നുണ്ടായ നഷ്ടം നികത്താന്‍ തെരഞ്ഞെടുപ്പിന് ശേഷം ആഭ്യന്തര എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എണ്ണവില വര്‍ധന പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമാക്കുമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്ധനവിലയില്‍ മാറ്റമുണ്ടാകുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എംകെ സുരാനയും സൂചന നല്‍കിയിട്ടുണ്ട്.